വാഷിങ്‌ടണ്‍: തന്റെ മൂന്നു പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ വിചാരണയ്‌ക്കിടെ ആക്രമിച്ച പിതാവിന് അമേരിക്കന്‍ കോടതി മാപ്പുനല്‍കി. അമേരിക്കന്‍ ദേശീയ ജിംനാസ്‌റ്റിക്‌സ് ടീമിന്റെ ഫിസിയോതെറപ്പിസ്റ്റ് ആയിരുന്ന ഡോ. ലാറി നാസറിനാണ് കോടതി മുറിയില്‍ മര്‍ദ്ദനമേറ്റത്. പ്രതിയുമായി ഒറ്റയ്ക്ക് സംസാരിക്കാന്‍ അനുവദിക്കണമെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ പിതാന് റാന്‍ഡാള്‍ മാര്‍ഗ്രേവ്‌സ് ആവശ്യപ്പെടുകയായിരുന്നു. കോടതി ഇത് നിരസിച്ചതോടെയായിരുന്നു ആക്രമണം. മിഷിഗണിലെ ഈടണ്‍ കൗണ്ടി കോടതി മുറിയിലായിരുന്നു നാടകീയരംഗങ്ങള്‍.
'ഈ പിശാചുമായി അടച്ചിട്ട മുറിയില്‍ അഞ്ചുമിനിട്ട് സംസാരിക്കാന്‍ എന്നെ അനുവദിക്കുമോ? അല്ലെങ്കില്‍ ഒരു മിനിറ്റെങ്കിലും', വെള്ളിയാഴ്ച കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ ജഡ്ജിയോട് റാന്‍ഡാള്‍ മാര്‍ഗ്രേവ്‌സ് പറഞ്ഞു. അതിനു മുന്‍പ് തന്നെ പീഡനത്തിനിരയായ കുട്ടികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ഒറ്റയ്ക്ക് സംസാരിക്കണമെന്ന ആവശ്യം കോടതി നിരസിച്ചതോടെ പ്രതിക്കൂട്ടിലേക്ക് ഓടിക്കയറി ലാറി നാസറിനെ ഇടിച്ചു. പ്രതിഭാഗം അഭിഭാഷകന്‍ തടസ്സം നിന്നതിനാലാണ് കാര്യമായ മര്‍ദ്ദനമേല്‍ക്കാതിരുന്നത്. സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ഓടിയെത്തി മാര്‍ഗ്രേവ്‌സിനെ കീഴ്‍പ്പെടുത്തി. പെട്ടന്നുള്ള പ്രകോപനം മൂലമുള്ള പ്രതികരണമായതിനാല്‍ മാര്‍ഗ്രേവ്‌സിനെതിരേ കേസെടുക്കുന്നില്ലെന്ന് ഉച്ചകഴിഞ്ഞ് കോടതി വ്യക്‌തമാക്കി. ഇത്തരം സംഭവം ന്യായീകരിക്കാനാവില്ലെങ്കിലും മൂന്നു പെണ്‍മക്കളുടെ പിതാവിന്റെ വികാരം മനസിലാക്കുന്നുവെന്നായിരുന്നു ജഡ്‌ജി ജാനിസ് കണ്ണിങ്ങാമിന്റെ പ്രതികരണം.
സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മാര്‍ഗ്രേവ്‌സിനു വന്‍ജനപിന്തുണയും ലഭിച്ചു. പ്രതിയെ മര്‍ദിച്ചതിന്റെ പേരില്‍ നിയമനടപടി നേരിടേണ്ടിവന്നാല്‍ കോടതിച്ചെലവിനായി 20,000 ഡോളറാണ് അല്‍പ്പ സമയം കൊണ്ട് സമാഹരിക്കപ്പെച്ചത്. എന്നാല്‍, താനല്ല, തന്റെ പെണ്‍മക്കളും പീഡനത്തിനിരയായ മറ്റ് ഇരകളുമാണ് യഥാര്‍ഥ ഹീറോകള്‍ എന്നായിരുന്നു മാര്‍ഗ്രേവ്‌സിന്റെ പ്രതികരണം.
