ന്യൂഡല്‍ഹി: യെമനില്‍ ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമനീസ് സർക്കാർ. ഇന്ത്യ സന്ദർശിക്കുന്ന യെമൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അബ്ദുല്‍മാലിക് അല്‍ മെഖലാഫിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശകാര്യമന്ത്രി സുഷമാസ്വരാജ് യെമനീസ് ഉപപ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉഴുന്നാലിന്‍റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചു.
ഉഴുന്നാലിന്‍റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് അബ്ദുല്‍മാലിക് അല്‍ മെഖലാഫി ഉറപ്പ് നല്‍കി. 2016 മാർച്ച് 4നാണ് ഭീകരർ ഫാദർ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത്. അതിനുശേഷം ഉഴുന്നാലിന്‍റേതായി രണ്ട് വീഡിയോകള്‍ പുറത്തുവന്നിരുന്നു.
