യമനില്‍ നിന്ന് ഐ എസ് തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലില്‍ മോചനത്തിന് സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മോചിപ്പിക്കണമെന്ന് കേന്ദ്രത്തോട് യാചിച്ചുകൊണ്ട് ടോം ഉഴുന്നാലില്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ ഉള്ളത്. പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍ വീഡിയോയില്‍ പറയുന്നുണ്ട്. മോചനത്തിനായുള്ള നടപടികള്‍ വാര്‍ത്തകളില്‍ ഒതുങ്ങുന്നു. താന്‍ വളരെ നിരാശനും ദുഃഖിതനുമാണെന്ന് ഫാ. ടോം ഉഴുന്നാലില്‍. യൂറോപ്പുകാരനെയാണ് തട്ടിക്കൊണ്ടുപോയതെങ്കില്‍ ഈ ഗതിയുണ്ടാവില്ല. ഇന്ത്യക്കാരനായത് കൊണ്ടാണ് തനിക്ക് ഈ അവസ്ഥ ഉണ്ടായത്. തന്റെ ആരോഗ്യം ക്ഷയിച്ച് കൊണ്ടിരിക്കുകയാണ്. എത്രയും വേഗം വൈദ്യസഹായം എത്തിക്കണമെന്നും ഫാ. ടോം ഉഴുന്നാലില്‍ വീഡിയോയിലൂടെ ആവശ്യപ്പെടുന്നു.