സഹജീവികളുടെ വിഷമം മനസ്സിലാക്കുന്നതിന് ഭാഷ ഒരു തടസമല്ലെന്ന് തെളിയിക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായൊരു വീഡിയോ. ഏതാനും ദിവസങ്ങളായി കേരളം നേരിടുന്ന പ്രളയക്കെടുതിയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള സഹായവും അതാണ് സൂചിപ്പിക്കുന്നത്.

മുംബൈ: സഹജീവികളുടെ വിഷമം മനസ്സിലാക്കുന്നതിന് ഭാഷ ഒരു തടസമല്ലെന്ന് തെളിയിക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായൊരു വീഡിയോ. ഏതാനും ദിവസങ്ങളായി കേരളം നേരിടുന്ന പ്രളയക്കെടുതിയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള സഹായവും അതാണ് സൂചിപ്പിക്കുന്നത്.

അത്തരത്തിൽ ഭാഷയുടെ അതിർവരമ്പില്ലാതെ കേരളത്തിന് വേണ്ടി കണ്ണീരൊഴുക്കുന്ന ഒരു ബാലനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുന്നത്. മറ്റുള്ളവരുടെ സങ്കടങ്ങൾ മനസ്സിലാക്കുന്നതിന് ഒന്നും ഒരു തടസ്സമല്ലെന്ന് കാണിച്ച് തരുന്നതാണ് ഈ വീഡിയോ. അവര്‍ പറയുന്ന ഭാഷ നമുക്ക് മനസ്സിലാവില്ല. പക്ഷേ അതിലെ കരുതലും സ്നേഹവും മനസ്സിലാക്കാന്‍ ഒരു ഭാഷയുടെയും അവശ്യം ഇല്ല.

പ്രളയത്തിൽ അകപ്പെട്ട കേരള ജനതയുടെ ദുരിതങ്ങൾ ടിവിയിൽകണ്ട് നമുക്ക് അവരെയെല്ലാം വീട്ടിലേക്ക് വിളിക്കാമച്ഛ-,എന്ന് പറഞ്ഞ് കൊണ്ട് വിതുമ്പി കരയുന്ന കുട്ടിയുടെതാണ് ആ വീഡിയോ. അടുത്തിരുന്നു കൊണ്ട് എന്താണ് കേരളത്തിൽ സംഭവിച്ചതെന്ന് അച്ഛൻ അവനോട് പറഞ്ഞു കൊടുക്കുമ്പോള്‍ ടിവിയിൽ നിന്ന് കണ്ണെടുക്കാതെ വിതുമ്പികൊണ്ടേയിരുന്നു ആ ബാലന്‍.

‘ഐ അം മറാത്തി’ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നീട് ഈ വീഡിയോ സംവിധായിക അഞ്ജലി മേനോന്‍ തന്റെ പേജില്‍ ഷെയര്‍ ചെയ്തിരുന്നു. “കേരളത്തിന്റെ അവസ്ഥയോടുള്ള ഏറ്റവും പരിശുദ്ധമായ വികാരം എന്ന അടിക്കുറിപ്പോടെയാണ് ഇത് അഞ്ജലി ഷെയര്‍ ചെയ്തിരിക്കുന്നത്. പേരറിയാത്ത ഈ ബാലന് നന്ദി പറഞ്ഞു കൊണ്ട് ധാരാളം മലയാളികള്‍ വീഡിയോക്ക് താഴെ കമന്റ്‌ ചെയ്യുന്നുമുണ്ട്.