കൊല്‍ക്കത്ത: സ്വന്തം മകളെ തട്ടിക്കൊണ്ടുപോയ ബി ജെ പി പ്രാദേശിക നേതാവ് അറസ്റ്റില്‍. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ബി ജെ പിയില്‍ ചേര്‍ന്ന സുപ്രഭാത് ബത്യബാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗാളിലെ ബിര്‍ഭൂമിലെ സുപ്രഭാതിന്‍റെ ലാഭ്‍പുറില്‍ നിന്നുള്ള വീട്ടില്‍ നിന്ന് മകളെ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയെന്ന വാര്‍ത്ത പ്രചരിച്ചത് വ്യാഴാഴ്ചയാണ്.

എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ അജ്ഞാത സംഘമല്ല പിതാവ് തന്നെയാണ് മകളെ മറ്റ് രണ്ടുപേരുടെ സഹായത്തോടെ തട്ടിക്കൊണ്ട് പോയതെന്ന് തെളിഞ്ഞു. 
പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവാനുള്ള ശ്രമം ചെറുത്തതിന്‍റെ സൂചനകള്‍ വീട്ടിലില്ലായിരുന്നു. അതേപോലെ അയല്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള ബഹളം കേട്ടിട്ടില്ലെന്നും മൊഴി കൊടുത്തതോടെ വീട്ടുകാരില്‍  പൊലീസിന് സംശയമേറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പിതാവിലേക്ക് തന്നെയെത്തിയത്. സുപ്രഭാതിനെ ചോദ്യം ചെയ്തതോട് കൂടി പെണ്‍കുട്ടിയെ ഒളിപ്പിച്ച സ്ഥലം പൊലീസിന് വ്യക്തമായി.

മകളെ തട്ടിക്കൊണ്ട് പോകുന്നതിനായി സുപ്രഭാത് വാടകയ്ക്കെടുത്ത രാജു സര്‍ക്കാര്‍, ദീപാങ്കര്‍ മണ്ഡല്‍ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉത്തര്‍ദിനാജ്‍പുറിലെ ദല്‍ഖോല റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നുമാണ് പൊലീസ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.  മകളെ തട്ടിക്കൊണ്ടുപോയത് രാഷട്രീയലാഭത്തിനോ അല്ലെങ്കില്‍ കുടുംബ പ്രശ്നമോ മൂലമാകാമെന്നാണ് പൊലീസ് കരുതുന്നത്. സുപ്രഭാതിന്‍റെ മകളെ കാണാതായതോടെ തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എ മനിറുള്‍ ഇസ്‍ലാമിന് നേരെ ആള്‍ക്കൂട്ട ആക്രമണം വരെയുണ്ടായി. തുടര്‍ന്ന് മനിറുളിന് പൊലീസില്‍ അഭയം തേടേണ്ടി വന്നിരുന്നു.