ചെന്നൈ: കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍റെ പേര് ചേര്‍ക്കണമെന്നു നിര്‍ബന്ധിമല്ലെന്ന് മദ്രാസ് ഹൈക്കോടതി.  അച്ഛന്‍റെ പേര് വെളിപ്പെടുത്തണോയെന്ന് തീരുമാനിക്കേണ്ടത് കുട്ടിയുടെ അമ്മയാണെന്ന് കോടതി പറഞ്ഞു.

അച്ഛന്‍റെ പേര് വെളിപ്പെടുത്തുന്നില്ലെങ്കില്‍, കുഞ്ഞിന് ജന്മം നൽകിയത് താനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന സത്യവാങ്മൂലം അമ്മ സമർപ്പിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീകള്‍ക്കും കുട്ടിയുടെ അച്ഛന്‍റെ പേരുചേര്‍ക്കാതെ തന്നെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കൃത്രിമ ഗര്‍ഭം ധരണത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കി യുവതിയുടെ ഹര്‍ജിയിലായിരുന്നു കോടതി നിര്‍ദ്ദേശം.

തിരുടച്ചിറപ്പള്ളി നഗരസഭ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ കുഞ്ഞിന്റെ  അച്ഛന്റെ പേര് രേഖപ്പെടുത്തിയിരുന്നു. ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് യുവതി നഗരസഭയെ സമീപിച്ചു. എന്നാല്‍ പേര് തിരുത്താന്‍ മാത്രമേ കഴിയുകയുള്ളൂവെന്നും നീക്കം ചെയ്യാനാവില്ലെന്നുമായിരുന്നു നഗരസഭയുടെ മറുപടി. തുടര്‍ന്ന് യുവതി മധുര ബെഞ്ചിനെ സമീപിച്ചു. കാര്യം റവന്യു ഡിവിഷണല്‍ ഓഫീസറെ അറിയിക്കൂ എന്നായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്. തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.