തിരുവനന്തപുരം: അടിയന്തര ചികില്‍സക്കായി പരിയാരത്തുനിന്നും അഞ്ചരമണിക്കൂറില്‍ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിയ കുഞ്ഞിന്‍റെ ശസ്ത്രക്രിയ കഴിഞ്ഞു. അഞ്ചുമണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയക്കുശേഷം കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വ്യാഴാഴ്ച്ച വൈകിട്ടോടെ കുഞ്ഞിന്‍റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നു വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതരയോടെയാണ് കുഞ്ഞിനെ ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചത്. 

നീണ്ട ആറര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ ഐ.സി.യുവിലേക്ക് മാറ്റി. ഡോക്ടര്‍മാരുടെ വിദക്ത സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് കുഞ്ഞിപ്പോള്‍. കുഞ്ഞിന് ചെറിയ തോതില്‍ അണുബാധ ഉണ്ടെങ്കിലും പേടിക്കാന്‍ ഇല്ല എന്നാണ് അറിയുന്നത്. നാളെ രാവിലെ കുട്ടിയെ കാണാന്‍ അമ്മയെ അനുവദിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുകള്‍ പറഞ്ഞു. ഇന്നലെ മുതല്‍ കുഞ്ഞിന്‍റെ ബന്ധുകളും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം പ്രവര്‍ത്തകരും ആശുപത്രിയില്‍ കുഞ്ഞിന്‍റെ ശസ്ത്രക്രിയയ്ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.

വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് ട്രാഫിക്ക് സിനിമയെ ഓര്‍മ്മിപ്പിക്കുന്ന രംഗങ്ങൾക്കു മലയാളികള്‍ സാക്ഷ്യം വഹിച്ചത്. 60 ദിവസം പ്രായമായ ഫാത്തിമ ലൈബയുമായി ആറേകാൽ മണിക്കൂർ കൊണ്ട് പരിയാരം മെഡിക്കൽ കോളേജിൽ നിന്നും തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലേക്ക് ആംബുലൻസ് പറന്നെത്തി. ബുധനാഴ്ച്ച രാത്രി എട്ടരയോടെയാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായത്. കാസർഗോഡ് സ്വദേശികളായ തമീം ഡ്രൈവറും ജീന്‍റോ എമർജൻസി മെഡിക്കൽ ടെക്ക്നീഷ്യനുമായ സി.എം.സി.സി ആംബുലൻസ് സർവീസിന്‍റെ ഐ.സി.യു ആംബുലൻസിലാണ് കുട്ടിയെ ശ്രീചിത്രയിൽ എത്തിച്ചത്.