അതറിഞ്ഞ നിമിഷം അവർ വളരെ അസ്വസ്ഥയായിരുന്നു കഷ്ടമായിപ്പോയി എന്ന് പറഞ്ഞ് അവർ‌ ആരെയൊക്കയോ ഫോൺ ചെയ്തു എന്തിനാണ് ഈ പാവത്തെ ഇങ്ങനെ ട്രോളുന്നത്?  

താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ച സംഭവത്തിൽ നടി ഊർമ്മിള ഉണ്ണിയുടെ നിലപാട് വൻ പ്രതിഷേധങ്ങൾക്ക് വഴി തെളിച്ചിരിക്കുകയാണ്. എന്നാൽ ന‍ടി ആക്രമിക്കപ്പെട്ട വിഷയമറിഞ്ഞപ്പോൾ ഊർമ്മിള ഉണ്ണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ഒരു ഫേസ്ബുക്ക് പോസ്റ്റ്.

ആതിര സൂരജ് എന്ന യുവതിയാണ് തന്റെ അനുഭവം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അന്നേ ദിവസം ഊർമ്മിള ഉണ്ണിയെ താൻ നേരിൽ കണ്ടിരുന്നുവെന്നും സംഭവം അറിഞ്ഞപ്പോൾ മുതൽ അവർ അസ്വസ്ഥയായിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു. നിലനിൽപ്പിന് വേണ്ടിയായിരിക്കാം അവർ ഇപ്പോൾ കുറ്റാരോപിതനെ പിന്തുണയ്ക്കുന്നതെന്ന് സംശയവും ആതിര തന്റെ പോസ്റ്റിൽ പങ്ക് വയ്ക്കുന്നു. എന്തിനാണ് ഈ പാവത്തെ ഇങ്ങനെ ട്രോളുന്നതെന്ന് ചോദിച്ചാണ് ഇവർ തന്റെ എഫ്ബി പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

പോസ്റ്റിന്റെ പൂർണ്ണരൂപം

2017 ഫെബ്രുവരി 17 നാണ് മഴവിൽ മനോരമ ചാനലിൽ ദേ രുചി എന്ന പ്രോഗ്രാമിൽ ഒരു എപ്പിസോഡ് ചെയ്യാനായി ഞാൻ എറണാകുളത്ത് എത്തിയത്. അന്നത്തെ ദിവസം ഷൂട്ട് കഴിഞ്ഞു പിറ്റേന്ന് ഉച്ചക്ക് ഉള്ള ഫ്ലൈറ്റിൽ തിരിച്ച് ബാംഗ്ലൂർക്ക് വരാൻ ആയിരുന്നു പ്ലാൻ. 18 ന് കാലത്ത് പത്തരയ്ക്ക് കൊച്ചിൻ എയർപോർട്ടിൽ എത്തി ചെക് ഇൻ ചെയ്ത് പോയി ഇരുന്നത് ദേ ഈ പുള്ളിക്കാരിയുടെ അടുത്തായിരുന്നു. ഞാനും അവരും ഒറ്റയ്ക്കായിരുന്നു. എല്ലാ സ്ഥലത്തും ഒറ്റയ്ക്കാണ് പോകുന്നതും വരുന്നതും എന്നും പിക്ക് ചെയ്യാൻ കാർ വന്നിട്ടുണ്ടാകും എന്നും മറ്റും നോർമൽ ആയി സംസാരിക്കുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്‌തു.

ആ സമയത്ത്അവർക്ക് വന്ന ഒരു ഫോൺ കോളിൽ നിന്നും എന്തോ അരുതാത്തത് സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസിലായി. ഞാൻ ചോദിക്കാതെ തന്നെ എന്നോട് അവരാണ് നടി ആക്രമിക്കപ്പെട്ട കാര്യം പറഞ്ഞത്. "ബലാത്സംഗം ചെയ്‌തെന്നും ഇല്ലെന്നും ഒക്കെ പറയുന്നു. ഇത്രയും പ്രശസ്തയായ നടിക്കും ഇതാണ് അവസ്ഥയെങ്കിൽ നമുക്ക്‌ എല്ലാം എന്ത് സേഫ്റ്റി ആണ് ഈ നാട്ടിൽ ഉള്ളത് എന്ന് പറഞ്ഞു ദു:ഖിച്ചിരിക്കുന്ന അവരെയാണ് പിന്നെ ഞാൻ കണ്ടത്. കഷ്ടമായിപ്പോയി കഷ്ടമായിപ്പോയി എന്നും പറഞ്ഞു ആരെയൊക്കെയോ ഫോൺ ചെയ്യുന്നുമുണ്ടായിരുന്നു. അന്ന് ആ മനോഭാവം ഉണ്ടായിരുന്ന ഇവർ, ഇന്ന് ഇത്രയും തിരിച്ചു പറഞ്ഞ് ആരോപണ വിധേയനായ നടനെ പിന്തുണയ്ക്കുന്നെങ്കിൽ അത് തീർച്ചയായും അവരുടെ നിലനിൽപ്പിനു വേണ്ടി മാത്രമാവും എന്നാണ് എനിക്ക് തോന്നുന്നത്. ഇതിന്റെയെല്ലാം ഉള്ളുകള്ളികൾ ആർക്കറിയാം!!

ദീപ ടീച്ചർ ഊർമിള ഉണ്ണിയുമായി വേദി പങ്കിടാൻ വിസമ്മതിച്ച കാര്യം ഈ അവസരത്തിൽ പ്രസക്തമാണ്. സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ നിസ്സാരവൽക്കരിച്ചു കാണുന്നു എന്നുള്ളത് ഒരു ചെറിയ കാര്യമല്ല. സ്ത്രീകൾ തന്നെ മറ്റു സ്ത്രീകൾക്ക് എതിരായാൽ എന്തുചെയ്യും? വീട്ടിൽ നിന്നിറങ്ങി കാറിൽ കയറി എയർപോർട്ടിൽ എത്തി തിരിച്ചും അതെ പോലെ യാത്ര ചെയ്യുന്ന അവർക്ക് നമ്മുടെ നാട്ടിൽ ബസ്, ട്രെയിൻ എന്നീ പബ്ലിക് ട്രാൻസ്പോർട്ടുകൾ ആശ്രയിച്ചു രാപകൽ ഇല്ലാതെ യാത്ര ചെയ്‌തു സ്വന്തം കുടുംബം നോക്കുകയും ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും ചെയ്യുന്ന സ്ത്രീകളെ എങ്ങനെ ഇത്ര വില കുറച്ച കാണാൻ കഴിയുന്നു? സെലിബ്രിറ്റി എന്ന പട്ടം ലഭിക്കുന്നതിന് മുൻപ് ഒരു തവണയെങ്കിലും അവരും പബ്ലിക് ട്രാൻസ്പോർട്ടിൽ യാത്ര ചെയ്‌തു കാണില്ലേ? ചുരുക്കിപ്പറഞ്ഞാൽ സൗകര്യപൂർവം പലതും മറക്കുകയും പലതിനും നേരെ കണ്ണടക്കുകയും മാത്രമേ അവർ ചെയ്‌തിട്ടുള്ളൂ. എന്നിട്ടാണോ നാട്ടുകാരെ നിങ്ങൾ ഒക്കെ ഈ പാവത്തിനെ ഇങ്ങനെ ട്രോളുന്നത്?