വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിന്‍റെ പുതിയ യാത്രാനിരോധന നിയമത്തിനും ഫെഡറല്‍ കോടതിയുടെ വിലക്ക്. ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് വിസാ നിരോധനം ഏർപ്പെടുത്താനുള്ള ട്രംപിന്‍റെ പുതിയ വിസാനിയമമാണ് ഹവായ് ഫെഡറൽ ജഡ്ജ് മരവിപ്പിച്ചത്.
വ്യാഴാഴ്ച അർധരാത്രി മുതൽ നടപ്പിൽ വരുത്താനായിരുന്നു തീരുമാനം. നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് നിയമം മരവിപ്പിച്ച് ഫെഡറൽ കോടതി ഉത്തരവിറക്കിയത് ട്രംപിന് കനത്ത തിരിച്ചടിയായി.
ദേശീയ സുരക്ഷക്ക് വേണ്ടിയാണ് യാത്രാ വിലക്ക് ഏർപ്പെടുത്തുന്നത് എന്ന സർക്കാർ വാദത്തെ ചോദ്യം ചെയ്താണ് ഹവായ് ഫെഡറൽ ജഡ്ജ് ഡെറിക് വാറ്റ്സൺ നിയമം മരവിപ്പിച്ചത്.
ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരെ 90 ദിവസത്തേക്കും അഭയാർഥികളെ 120 ദിവസത്തേക്കും വിലക്കുന്ന നിയമമാണ് നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്.
ഇതു സംബന്ധിച്ച് നേരത്തെ ട്രംപ് ഇറക്കിയിരുന്ന ഉത്തരവ് സീറ്റിൽ ജഡ്ജ് സ്റ്റേ ചെയ്തിരുന്നു. തുടർന്നാണ് പുതിയ നിയമം ഏർപ്പെടുത്താത്തിയത്. എന്നാല്‍ ജഡ്ജിയുടെ തീരുമാനം ജുഡീഷ്യൽ അധികാരപരിധിയുടെ ലംഘനമാണെന്നാണ് ട്രംപിന്‍റെ പ്രതികരണം.
