ഇറാഖ്, ഇറാന്‍ ഉള്‍പ്പെടെ ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിച്ച പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവാണ് യുഎസ് ഫെഡറല്‍ ജഡ്ജ് താല്‍ക്കാലികമായി മരവിപ്പിച്ചത്. അമേരിക്കയിലാകെ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. പ്രസിഡന്റ് പുറപ്പെടുവിച്ച എക്‌സിക്യുട്ടീവ് ഉത്തരവ് ചോദ്യം ചെയ്യാനോ റദ്ദാക്കാനോ സംസ്ഥാനങ്ങള്‍ക്ക് അവകാശമില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകരുടെ വാദം സിയാറ്റില്‍ കോടതി ജഡ്ജി ജെയിംസ് റോബാര്‍ട്ട് തള്ളി. ട്രംപിന്റെ ഉത്തരവ് നേരത്തെതന്നെ അമേരിക്കയിലെ പല കോടതികളും സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍, രാജ്യവ്യാപകമായി ഉത്തരവ് തടയപ്പെടുന്നത് ഇതാദ്യമായാണ്. വെര്‍ജീനിയ, ന്യൂയോര്‍ക്ക്, മസാച്യുസെറ്റ്‌സ്, മിഷിഗണ്‍ കോടതികള്‍ ട്രംപിന്റെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്. നേരത്തെ അധികാരമേറ്റതിന് പിന്നാലെയാണ് ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി ട്രംപ് ഉത്തരവിറക്കിയത്. ഇറാന്‍, ഇറാഖ്, സിറിയ, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് 90 ദിവസത്തെക്കായിരുന്നു വിലക്ക്. ഇതിനൊപ്പം അഭയാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന യു.എസ് റെഫ്യൂജി അഡ്മിഷന്‍ പദ്ധതിയും 120 ദിവസത്തേക്ക് നിര്‍ത്തിവച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിഷയത്തില്‍ കോടതി ഇടപെട്ടത്. ഫെഡറല്‍ ജഡ്ജിയുടെ നടപടി ട്രംപ് ഭരണകൂടത്തിന് ചോദ്യം ചെയ്യാനാകുമെങ്കിലും കോടതി ഉത്തരവ് കനത്ത തിരിച്ചടി ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.