സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെയാണ് ഫോട്ടോകള്‍ വൈറലായത്. ദക്ഷിണ കൊറിയയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ വ്യാപകമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
സിയോള്‍: പുരുഷ മോഡലിന്റെ നഗ്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായ സംഭവത്തില്‍ വനിതാ മോഡലിന് ശിക്ഷ. പ്രമുഖ മോഡലായ ആന്‍ ആണ് കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. 10 മാസത്തെ തടവുശിക്ഷയാണ് ഇവര്‍ക്ക് കോടതി വിധിച്ചിരിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുരുഷ മോഡലിന്റെ നഗ്ന ഫോട്ടാകള്‍ സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെ വൈറലായത്. തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് ഇയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആന്‍ കുടുങ്ങിയത്. ഇവരുടെ വീട്ടില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പൊലീസിന് ഇവര്‍ക്കെതിരായ കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്.
എന്നാല്‍ എന്തുകൊണ്ടാണ് ഇവര്‍ ഇത് ചെയ്തതെന്ന കാര്യത്തില്‍ പൊലീസിന് ഇതുവരെ വ്യക്തതയായിട്ടില്ല. ദക്ഷിണ കൊറിയയില്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2010ല്‍ 1,100 കേസുകള്‍ ഫയല്‍ ചെയ്തപ്പോള്‍ കഴിഞ്ഞ വര്‍ഷം 6,500 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഒളിക്യാമറ വച്ച് ഓഫീസുകള്‍, വീടുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വീഡിയോകളും ഫോട്ടോകളും പകര്‍ത്തി പ്രചരിപ്പിക്കുന്നതാണ് വ്യാപകമായിരിക്കുന്നത്. ഓണ്‍ലൈനായി ഇത്തരം വീഡിയോകളും ഫോട്ടോകളും വില്‍ക്കുന്നതും ഇവിടെ പതിവാകുകയാണ്.
ഇതിനിടെയാണ് പരാതിയുമായി പുരുഷ മോഡല്‍ രംഗത്തെത്തിയത്. 10 മാസത്തെ തടവിന് പുറമെ 40 മണിക്കൂറോളം കൗണ്‍സിലിംഗിനും പ്രതി വിധേയയാകണമെന്നാണ് കോടതിയുടെ വിധി.
