പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലേയും കാത്തോലിക് വിഭാഗത്തിലെയും ഏതാനും വനിതാ ശാസ്ത്രജ്ഞര്‍ ഒന്നിച്ചാണ് ഈ പെണ്‍ ബൈബിള്‍ തയ്യാറാക്കിയിരിക്കുന്നത്. കൃത്യമായി വിവരിച്ചിട്ടുണ്ടെങ്കില്‍ സ്ത്രീപക്ഷമാണ് ബൈബിള്‍ മുന്നോട്ട് വയ്ക്കുന്നതെന്നാണ് ഇവര്‍ വിശദമാക്കുന്നത്. 

ലണ്ടന്‍: പല മേഖലകളിലും ഏറെ വിപ്ലവം സൃഷ്ടിച്ച മീടൂ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പെണ്‍ ബൈബിളുമായി വനിതാ ദൈവശാസ്ത്രജ്ഞര്‍. പുരുഷ കേന്ദ്രീകൃതമായാണ് നിലവിലെ ബൈബിള്‍ രചിച്ചിട്ടുള്ളതെന്നാണ് ഇവര്‍ പറയുന്നത്. പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലേയും കാത്തോലിക് വിഭാഗത്തിലെയും ഏതാനും വനിതാ ശാസ്ത്രജ്ഞര്‍ ഒന്നിച്ചാണ് ഈ പെണ്‍ ബൈബിള്‍ തയ്യാറാക്കിയിരിക്കുന്നത്. കൃത്യമായി വിവരിച്ചിട്ടുണ്ടെങ്കില്‍ സ്ത്രീപക്ഷമാണ് ബൈബിള്‍ മുന്നോട്ട് വയ്ക്കുന്നതെന്നാണ് ഇവര്‍ വിശദമാക്കുന്നത്. 

എന്നാല്‍ നിലവില്‍ പ്രചാരത്തില്‍ ഉള്ള ബൈബിളുകളില്‍ ഇത്തരം വിവരണമല്ല ഉള്ളതെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. ദൈവശാസ്ത്രജ്ഞത്തില്‍ പ്രൊഫസര്‍ കൂടിയായ ലോറിയാനി സാവോയ് എന്ന യുവതിയാണ് പെണ്‍ ബൈബിള്‍ തയ്യാറാക്കുന്നതില്‍ മുന്‍കൈ എടുത്തിട്ടുള്ളത്. ഇന്നത്തെ ലോകത്തിന്റെ സമത്വവും മൂല്യങ്ങളും നിലവിലെ ബൈബിള്‍ പിന്തുടരുന്നില്ലെന്ന് ലോറിയാനി പറയുന്നു. അനുസരണ മുഖമുദ്രയാക്കിയ സ്ത്രീകളെയാണ് ബൈബിള്‍ മുന്നോട്ട് വക്കുന്നത്. 

വിവിധ മേഖലയില്‍ മീടു ക്യാംപയിനില്‍ ലൈംഗിക ദുരുപയോഗത്തിനെക്കുറിച്ച് പ്രമുഖര്‍ അടക്കം നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറെ കോലാഹലങ്ങള്‍ ഉയര്‍ത്തിയിരുന്നു. കൃത്യമായ രീതിയില്‍ വിവര്‍ത്തനം ചെയ്താല്‍ സ്ത്രീകള്‍ക്ക് വിമോചനം നല്‍കുന്ന നല്ല പുസ്തകമാണ് ബൈബിള്‍ എന്ന് ലോറിയാനി സാവോയ് പറയുന്നു. എന്നാല്‍ ലിംഗസമത്വം അനുവദിക്കാതെ ക്രിസ്തീയ വിശ്വാസികള്‍ അവര്‍ക്ക് വേണ്ട വിധത്തില്‍ മാത്രമാണ് ബൈബിള്‍ വിവര്‍ത്തനം ചെയ്തത്. ഇതു മൂലമാണ് പാപിനിയും , വേശ്യകളും, സേവകരുമായ സ്ത്രീകള്‍ ക്രിസ്തുവിന്റെ പാദം ചുംബിക്കാന്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രം നമ്മുക്ക് അറിയാവുന്നതെന്നും ലോറിയാനി സാവോയ് പറയുന്നു. 

ഇത്തരത്തില്‍ പെണ്‍ ബൈബിളുമായി എത്തുന്ന ആദ്യത്തെ ആളുകളല്ല ലോറിയാനി സാവോയുടെ നേതൃത്വത്തിലുള്ള ദൈവശാസ്ത്രജ്ഞര്‍. 1898ല്‍ ഇത്തരം ശ്രമം നടന്നിട്ടുണ്ട്. എലിസബത്ത് കാഡി എന്ന സ്ത്രീയുടെ നേതൃത്വത്തിലായിരുന്നു ഇത്.