പകര്‍ച്ച പനി പടര്‍ന്നു പിടിക്കുമ്പോൾ മതിയായ ചികിത്സാ സൗകര്യങ്ങളിലാത്തതാണ് തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

പനി ബാധിതരുടെ എണ്ണം നാൾക്കുനാൾ കൂടുന്പോഴും ആളുകൾ ഏറെ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിൽ അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ പോലും ഇല്ലാത്ത അവസ്ഥയാണ്.

ഒ.പി കൗണ്ടറിൽ തുടങ്ങി ഡോക്ടറെ കാണാനും ലാബിന് മുന്നിലും മരുന്നുവാങ്ങാനും വലിയ ക്യൂ.

അസുഖം വന്നാൽ ഓടിയെത്താൻ അടുത്തെങ്ങും മറ്റൊരാശുപത്രിയില്ല. ഇരിക്കാനും നിൽക്കാനും ഇടവും ആരോഗ്യവുമില്ലാത്തവരുടെ മണിക്കൂറുകൾ നീണ്ട കാത്തു നിൽപ്പ് ഇപ്പോൾ പുത്തൻതോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്ഥിരം കാഴ്ചയാണ്. പനികൂടിയതോടെ അധികമെത്തുന്ന രോഗികൾ ശരാശരി അഞ്ഞൂറിനും എണ്ണൂറിനും ഇടക്ക് .

ഹോസ്പിറ്റൽ ഡെവല്പ്മെന്റ് കമ്മിറ്റിയും ജനപ്രതിനിധികളും ചേര്‍ന്ന് ഒരുക്കുന്ന താൽകാലിക സംവിധാനങ്ങൾ പോലും തികയാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ആശുപത്രികളുടെ സൗകര്യങ്ങൾ കൂട്ടാൻ സര്‍ക്കാര്‍ തലത്തിൽ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടേയും ആവശ്യം.