വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ 10 ലക്ഷവും കേന്ദ്രസര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വീതവും നല്‍കും. വിവിധ വ്യക്തികളും സന്നദ്ധ സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ട്.
അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചശേഷം ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചത്. ഗുരുതര പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും, അത്രതന്നെ സാരമല്ലാത്ത പരിക്കുള്ളവര്‍ക്ക് അമ്പതിനായിരം രൂപ വീതവും നല്‍കും. ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാണ് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചത്.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. ദുരന്തത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരുടെ നോമിനികള്‍ ആനുകൂല്യങ്ങള്‍ക്കായി തെളിവുസഹിതം എല്‍ഐസിയുടെ ബ്രാഞ്ച് ഓഫിസുകളെ സമീപിക്കണമെന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ അറിയിച്ചു. വ്യവസായി എം എ യൂസഫലി മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായം പ്രഖ്യാപിച്ചു. വ്യവസായി രവി പിള്ള മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 25,000 രൂപയും നല്‍കും. പുറ്റിങ്ങല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മാതാ അമൃതാനന്ദമയീ മഠം ഒരു ലക്ഷം വീതം ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കും. അപകടത്തിന് ഇരയായവരില്‍ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നും മാതാ അമൃതാനന്ദമയി മഠം അറിയിച്ചു. എസ്‍സിഎംഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമ ജി പി സി നായര്‍, 20 ലക്ഷം രൂപ ദുരിതാശ്വാസമായി നല്‍കും. പരുക്കേറ്റവരുടെ അടിയന്തര സഹായത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്‍തു. വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റവര്‍ക്ക് സഹായവുമായി നടന്‍ മമ്മൂട്ടിയും രംഗത്തെത്തി. പതഞ്ജലി ആയുര്‍വേദ സ്ഥാപനത്തില്‍ നിന്ന് പൊള്ളലിനുള്ള മരുന്നുകള്‍ സൗജന്യമായി കൊല്ലത്തെത്തിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തെന്ന് മമ്മൂട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു.
