റെയില്‍വേ ട്രാക്കില്‍ ഫൈബര്‍ ഹാന്‍റിലുകളും ചെമ്പ് കേബിളും
ആലപ്പുഴ: കായംകുളത്ത്പൂട്ടിയിട്ടിരുന്ന ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ വാഗൺ കുത്തിത്തുറന്ന് കേബിളുകളും ഫൈബർ ഹാന്റിലുകളും പാളത്തിൽ നിരത്തി ട്രെയിൻ ഗതാഗതം അപകടപ്പെടുത്താൻ ശ്രമം. ഇന്ന് പുലർച്ചെ കായംകുളം റെയിൽവേ സ്റ്റേഷന് അടുത്തുള്ള കാക്കനാട് ലെവൽക്രോസിന് സമീപമയിരുന്നു സംഭവം.പുലർച്ചെ 2.40 ന് മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ് ട്രെയിൻ കടന്നുവന്ന ട്രാക്കിലാണ് ഫൈബർ ഹാന്റിലുകളും എട്ട് കിലോയോളം തൂക്കം വരുന്ന ചെമ്പ് കേബിളുകളും സാധാരണ കേബിളുകളും നിരത്തിവെച്ചിരുന്നത്.
ട്രെയിൻ കടന്നുവരുന്നതിനിടയിൽ ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടെങ്കിലും അത് മറികടന്ന് സ്റ്റേഷനിലെത്തിയ ശേഷം സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥൻ കെജി അലക്സാണ്ടറും ജീവനക്കാരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
കേബിളുകൾ മുറിഞ്ഞ്മാറിയെങ്കിലും ഫൈബർ ഹാന്റിലുകൾ തെറിച്ചുപോയ നിലയിലാണ് കാണപ്പെട്ടത്. ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ വാഗണിന്റെ വാതിൽ പൂട്ട് തകർത്ത നിലയിലും കാണപ്പെട്ടു.ആർപിഎഫ് സിഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ സംഭവ സ്ഥലവും പരിസരവും തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
ആർപിഎപ് അസി.കമ്മീഷണർ റ്റി എസ് ഗോപകുമാർ കായംകുളത്ത് എത്തി പരിശോധനകൾക്ക് നേതൃത്വം നൽകി. ലോക്കൽ പോലീസും സംഭവസ്ഥലത്തും പരിസര പ്രദേശങ്ങളിലും അന്വേഷണം നടത്തി. കൊച്ചിയിൽനിന്ന് എത്തിയ ആർപിഎഫ് ഡോഗ് സ്ക്വാഡിന്റെ നായ ജാക്സൺ മണം പിടിച്ച് കാക്കനാടിന് കിഴക്ക് കാങ്കാലിൽ ജങ്ഷന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശംവരെ ഓടിയെങ്കലും ഒന്നും കണ്ടെത്താനായില്ല.
രാത്രിയിൽ പ്രത്യേകിച്ച് ശബ്ദമൊന്നും കേട്ടില്ലെന്നും പുലർച്ചെ ആർപിഎഫ് സിഐ യും സംഘവുമെത്തിയപ്പോഴാണ് വിവരമറിയുന്നതെന്നുമാണ് നാട്ടുകാർ പറഞ്ഞത്.. സംഭവവുമായി ബന്ധപ്പെട്ട് ആർപിഎഫ് സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചതായി അസി. കമ്മീഷണർ റ്റിഎസ് ഗോപകുമാർ പറഞ്ഞു. സംഭവത്തെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയതായും റെയിൽവേ സ്റ്റേഷനും പരിസരവും കേന്ദ്രീകരിച്ച് രാത്രികാല പട്രോളിങ് ശക്തമാക്കിയതായും പോലീസ് പറഞ്ഞു.
