മെക്സിക്കോയ്ക്കെതിരെ ഞെട്ടിപ്പിക്കുന്ന തോല്‍വിക്ക് ശേഷം നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മ്മന്‍ ടീമില്‍ പൊട്ടിത്തെറി

മോസ്കോ: മെക്സിക്കോയ്ക്കെതിരെ ഞെട്ടിപ്പിക്കുന്ന തോല്‍വിക്ക് ശേഷം നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മ്മന്‍ ടീമില്‍ പൊട്ടിത്തെറി. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ജര്‍മ്മന്‍ ടീമിലെ പ്രശ്നം വാര്‍ത്തയാക്കുന്നത്. ജര്‍മന്‍ ടീമില്‍ നിന്നും മധ്യനിര താരങ്ങളായ മെസൂദ് ഓസിലിനെയും ഇകെയ് ഗുണ്ടോഗനെയും പുറത്താക്കണമെന്ന് ആവശ്യം ശക്തമായി ഉയരുകയാണ്. തുര്‍ക്കി വംശജരായ ഇരുവരും ആഴ്ചകള്‍ക്കു മുന്‍പ് തുര്‍ക്കിഷ് പ്രസിഡന്റ് എര്‍ഡോഗനെ സന്ദര്‍ശിച്ചതോടെയാണ് ജര്‍മനി ആരാധകരും മുന്‍ താരങ്ങളും അവര്‍ക്കെതിരെ തിരിഞ്ഞത്. 

ഇവര്‍ക്കെതിരായി ടീമിലെ അംഗങ്ങള്‍ ഉയര്‍ത്തിയ കലാപം കളിക്കളത്തിലേക്ക് പടരുകയും, അതാണ് മെക്സിക്കോയ്ക്ക് എതിരായ തോല്‍വിക്ക് കാരണം എന്നുമാണ് ആരോപണം ഉയരുന്നത്. ജര്‍മന്‍ ജനത മാത്രമല്ല പരിശീലകന്‍ ലോയും താരങ്ങള്‍ക്കെതിരായി കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ഓസിലും ഗുന്‍ഡോഗനും മാപ്പു പറയാത്തതില്‍ ജോക്കിം ലോ അസംതൃപ്തനായിരുന്നു. എങ്കിലും മെക്‌സിക്കോയ്‌ക്കെതിരായ ആദ്യ ഇലവനില്‍ ലോ ഓസിലിനെ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ, ഓസിലിനു തന്‍റെ പതിവു പ്ലേമേക്കര്‍ മികവിലേക്ക് എത്താനായിരുന്നില്ല.ഇന്നലെ കളത്തിലറങ്ങിയെങ്കിലും ടീമില്‍ ഇപ്പോഴും പൊട്ടലും ചീറ്റലും ഉണ്ടാവുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നും തീയും പുകയും പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല.

മെക്‌സിക്കോയ്‌ക്കെതിരായ ഞെട്ടിക്കുന്ന തോല്‍വിയുടെ ആഘാതത്തില്‍ നിന്നും ജര്‍മനി ഇതുവരെ മോചിതരായിട്ടില്ല. തോല്‍വിയോടെ ഓസിലിനെ വീണ്ടും കളിപ്പിക്കുന്നതിനെതിരെ ജനരോഷം ഉയരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.