350 പോയിന്‍റുകളോടെ ഇന്ത്യ തൊണ്ണൂറ്റിയേഴാം സ്ഥാനം നിലനിർത്തി
സൂറിച്ച്: ലോകകപ്പിന്റെ ആവേശത്തിലാണ് കാല്പന്തുലോകം. ലോകകിരീടത്തിനുവേണ്ടിയുള്ള പോരാട്ടം ആരംഭിക്കാന് ഒരാഴ്ച മാത്രം ബാക്കിനില്ക്കെ ഫിഫ ഏറ്റവും പുതിയ റാങ്കിംഗ് പുറത്തുവിട്ടു. നിലവിലെ ലോകചാമ്പ്യന്മാരായ ജര്മനി തന്നെയാണ് തലപ്പത്ത്. ആദ്യ ഏഴ് സ്ഥാനങ്ങളിൽ മാറ്റമില്ലെന്നതാണ് പ്രമുഖ ടീമുകള്ക്ക് ആശ്വാസം പകരുന്ന പ്രധാന ഘടകം.
ബ്രസീല് രണ്ടാം സ്ഥാനത്തും ബെല്ജിയം മുന്നാം സ്ഥാനത്തും തുടരുമ്പോള് നാലാം സ്ഥാനത്ത് ലോകഫുട്ബോളര് ക്രിസ്റ്റ്യാനോയുടെ പോര്ച്ചുഗലാണ്. സൂപ്പര് താരം ലിയോണല് മെസിയുടെ അര്ജന്റീന അഞ്ചാം സ്ഥാനത്തും സ്വിറ്റ്സര്ലണ്ട് ആറാമതും ഫ്രാന്സ് ഏഴാം സ്ഥാനത്തുമുണ്ട്. പത്താം സ്ഥാനത്തായിരുന്ന പോളണ്ട് എട്ടാം സ്ഥാനത്തെത്തിയതാണ് ആദ്യ പത്തിലെ മാറ്റം. സ്പെയിന് എട്ടാം സ്ഥാനത്ത് നിന്ന് പത്താം സ്ഥാനത്തേക്ക് വീണു. ലോകകപ്പിന് യോഗ്യത നേടാനാകാത്ത ചിലിയാണ് ഒന്പതാം സ്ഥാനത്ത്.
ഇന്റര് കോണ്ടിനെന്റല് കപ്പില് തകര്പ്പന് പ്രകടനം നടത്തുന്ന ഇന്ത്യക്ക് പക്ഷെ റാങ്കിംഗില് മുന്നേറ്റമുണ്ടാക്കാനായില്ല. 350 പോയിന്റുകളോടെ ഇന്ത്യ തൊണ്ണൂറ്റിയേഴാം സ്ഥാനം നിലനിർത്തി. ലോകകപ്പിന് ശേഷം ജൂലൈ 17നായിരിക്കും അടുത്ത റാങ്ക് പട്ടിക ഫിഫ പ്രസിദ്ധീകരിക്കുക.
