കുവൈത്ത്: കുവൈത്ത് ഫുട്‌ബോളിന് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. കുവൈറ്റ് സന്ദര്‍ശനത്തിനെത്തിയ ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്‍റിനോയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2015 ഒക്ടോബര്‍ 16നായിരുന്നു അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കുവൈറ്റിനെ ഫിഫ വിലക്കിയത്.
രാജ്യത്തെ കായിക നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുന്നുവെന്നാരോപിച്ചായിരുന്നു ഫിഫയുടെ വിലക്ക്. എന്നാല്‍ കഴിഞ്ഞ ദിവസം പ്രത്യേക പാര്‍ലമെന്‍റ് സെക്ഷന്‍ കൂടി പുതിയ കായിക നിയമം സര്‍ക്കാര്‍ പാസാക്കി. ഇതിന്‍റെ കരട് ഫിഫയ്ക്ക് നേരത്തെ നല്‍കുകയും, അവരുടെ അംഗീകാരം നേടിയായിരുന്നു പുതിയ കായിക നയം രൂപീകരിച്ചത്.
ഈ നിയമഭേദഗതിയില്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ച ഫിഫ മൂന്ന് ദിവസത്തിനുള്ളില്‍ കുവൈത്തിനുള്ള വിലക്ക് നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് രണ്ടുവര്‍ഷത്തിലേറെയായി തുടരുന്ന പ്രതിസന്ധിക്കു സന്തോഷകരമായ സമാപ്തിയായത്. അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബൈര്‍ അബാ, പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനും എന്നിവരെ ഫിഫ പ്രസിഡന്‍റ് കണ്ടിരുന്നു.
