ഗോള്‍ഡന്‍ ഗ്ലൗവിനായി വാശിയേറിയ പോരാട്ടം

മോസ്‌കോ: ലോകകപ്പിലെ മികച്ച ഗോൾ കീപ്പറാകാനുള്ള പോരാട്ടം അവസാന മത്സരം വരെ കടുപ്പമേറിയതാണ്. അവസാന നാലു ടീമുകളിലെ ഗോളിമാർ തന്നെയാണ് മത്സരത്തിൽ മുന്നിൽ. പ്രവചിക്കപ്പെട്ട പോലെ ടെൽസ്റ്റാർ വലനിറച്ചപ്പോള്‍ ഇതുവരെ 161 ഗോളുകളാണ് ഗോളിമാരെ തോൽപിച്ച് വലയിൽ കയറിയത്. എന്നാല്‍ ഗോള്‍മഴയ്ക്ക് മുന്നിലും മിന്നും താരമാവുകയായിരുന്നു ഗോള്‍കീപ്പര്‍മാര്‍.

എല്ലാ സമ്മർദങ്ങളെയും അതിജീവിച്ച് സ്വന്തം ടീമിനെ ആദ്യ നാലിലെത്തിച്ചവർ തന്നെയാണ് സുവർണ കയ്യുറ നേടാൻ മുന്നിലുള്ളത്. ഫ്രാൻസിന്‍റെ ലോറിസ്, ക്രൊയേഷ്യയുടെ സുബാസിച്ച്, ഇംഗ്ലണ്ടിന്‍റെ പിക്ഫോർഡ്, ബെൽജിയത്തിന്‍റെ കോട്വാ. കഴിഞ്ഞ മൂന്ന് വർഷവും ചാമ്പ്യൻ ടീമിന്‍റെ വലകാത്തവരെ തന്നെ മികച്ചഗോളിയായി തെരഞ്ഞെടുത്തതാണ് ചരിത്രം. ലോറിസും, സുബാസിച്ചും ഇരട്ടിമധുരം അങ്ങനെ കിനാവുകാണുന്നു.

ലോറിസ്1998ൽ ഫ്രാൻസിന്‍റെ ഫാബിയൻ ബാർത്തസ് ആ ഇരട്ടിമധുരം നുണഞ്ഞിട്ടുണ്ട്. 10ലധികം മിന്നും സേവുകളുമായി ചരിത്രം ആവർത്തിങ്ങാനൊരുങ്ങുന്നു ലോറിസ്. ഉറുഗ്വെയ്ക്കെതിരെയും സെമിയിൽ ബെൽജിയത്തിനെതിരെയും ക്ലീൻ ഷീറ്റുമുണ്ട്. പക്ഷെ പ്രതീക്ഷിച്ചതിലും കൂടുതൽ ഗോളുകൾ വഴങ്ങിയിട്ടുണ്ടെന്ന വിമർശനങ്ങൾ കഴുകിക്കളയണം.

സുബാസിച്ച്മറുവശത്ത് സുബാസിച്ച് മാത്രമല്ല ക്രൊയേഷ്യൻ ടീമാകെ ഒരു സ്വപ്നത്തിലെന്നപോലെയാണ്. നോക്കൗട്ടിലെ എല്ലാ മത്സരങ്ങളും അധിക സമയത്തേക്ക് നീണ്ടു. തുടർച്ചയായി ഷൂട്ടൗട്ട് നേരിട്ടു. പരിക്കേറ്റിട്ടും പിന്നെയും കളത്തിലേക്ക് വന്നു. പരീക്ഷണം ഒരാളെ കരുത്തനാക്കുമെങ്കിൽ അത് സുബാസിച്ചാണ്. 

പിക്ഫോർഡ്ഉയരക്കുറവിനെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് ഇംഗ്ലീഷ് ഗോളി പിക്ഫോർഡിന്‍റെ ഓരോ സേവും.ഉയരക്കുറവിനെ ഓരോ തവണയും ഉയരത്തിൽ ചാടി തോൽപിച്ചു .ഇംഗ്ലണ്ടിനെ ഷൂട്ടൗട്ട് ശാപത്തിൽ നിന്നും മോചിപ്പിച്ചതും പിക്ഫോർഡ്. കൊളംബിയക്കെതിരായ ജയം ചരിത്രം.

കോട്വപഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ കരുത്തേറി വരികയാണ് കോട്വയ്ക്ക്. ബെൽജിയം മുന്നേറ്റങ്ങളിൽ കോട്വയുടെ ഉയരവും കഴിവും അനിഷേധ്യമാണ്. 20ലധികം സേവുകളും ഇതുവരെ നേടി. ഓർമയിൽ പിന്നെയും പിന്നെയും ഓടിവരുന്നത് ബ്രസീലിനെതിരായ മത്സരം. ഗോളിയെ അടയാളപ്പെടുത്തിയ പ്രകടനം.

ഒച്ചാവോ‍‍ഈ നാലുപേരും സുവർണ ഗ്ലൗവിന് അർഹർ. പക്ഷെ ഇടയ്ക്ക് ഒരാളെക്കൂടി പരാമർശിച്ചില്ലെങ്കിൽ അത് നീതികേടാവും. മെക്സികോയുടെ ഒച്ചാവ. നേരത്തെ പുറത്തായെങ്കിലും ഇപ്പോഴും ഗോളുകൾ തടഞ്ഞിട്ടതിന്‍റെ എണ്ണമെടുത്താൽ മുന്നിൽ ഒച്ചാവോയാണ്.