യുറുഗ്വേ-ഫ്രാന്‍സ് മത്സരത്തിലായിരുന്നു ആരാധകരെ കണ്ണുനിറയ്ക്കുന്ന ആ കാഴ്ച.

മോസ്കോ: സ്വന്തം രാജ്യം തോല്‍വിയിലേക്ക് നീങ്ങുമ്പോള്‍ ഗ്യാലറയില്‍ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി തലകുമ്പിട്ടിരിക്കുന്ന ആരാധകരെ നമ്മള്‍ ഈ ലോകകപ്പില്‍ എത്രയോ തവണ കണ്ടു. എന്നാല്‍ സ്വന്തം ടീം തോല്‍വിയിലേക്ക് നീങ്ങുമ്പോള്‍ പ്രതിരോധത്തില്‍ വന്‍മതിലാവേണ്ടൊരാള്‍ കണ്ണീരടക്കാനാവാതെ വിതുമ്പി കരഞ്ഞാലോ. യുറുഗ്വേ-ഫ്രാന്‍സ് മത്സരത്തിലായിരുന്നു ആരാധകരുടെ കണ്ണുനിറച്ച ആ കാഴ്ച.

ഫ്രാന്‍സിനെതിരെ രണ്ടാം ഗോളും വഴങ്ങി മത്സരം അവസാന മിനുട്ടുകളിലേക്ക് കടക്കുമ്പോള്‍ യുറുഗ്വേ പ്രതിരോധത്തിലെ കരുത്തനായ ജോസ് ഗിമെനെസിന് കണ്ണീരടക്കാനായില്ല. യുറുഗ്വോ പോസ്റ്റിന് മുന്നില്‍ ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് എടുക്കുമ്പോള്‍ മനുഷ്യഭിത്തിയായി നില്‍ക്കുമ്പോഴും അയാള്‍ വിതുമ്പിക്കരഞ്ഞുകൊണ്ടിരുന്നു. ആ കണ്ണീരില്‍ എതിരാളികളുടെ പോലും മനസുലഞ്ഞുകാണും.