നോക്കൗട്ട് മത്സരങ്ങളില്‍ എല്ലാം ഫൈനലാണെന്ന് കരുതിവേണം കളിക്കാന്‍. 11 പേരാണ് കളിക്കുന്നത്. അല്ലാതെ രണ്ടോ മൂന്നോ ആളുകളല്ല.

ലണ്ടന്‍: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സ്വീഡനെതിരെ ഒരു ഗോളിന് തോറ്റ് പുറത്തായ സ്വിറ്റ്സര്‍ലന്‍ഡ് ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി നാട്ടുകാരനും ടെന്നീസ് ഇതിഹാസവുമായ റോജര്‍ ഫെഡറര്‍. സ്വിറ്റസര്‍ലന്‍ഡിന്റെ കളി കണ്ട് താന്‍ തീര്‍ത്തും നിരാശനായിപ്പോയെന്നും ഈ ടീമില്‍ നിന്ന് താന്‍ ഇതില്‍ക്കൂടുതല്‍ പ്രതീക്ഷിച്ചിരുന്നുവെന്നും വിംബിള്‍ഡണ്‍ മത്സരശേഷം ഫെഡറര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നോക്കൗട്ട് മത്സരങ്ങളില്‍ എല്ലാം ഫൈനലാണെന്ന് കരുതിവേണം കളിക്കാന്‍. 11 പേരാണ് കളിക്കുന്നത്. അല്ലാതെ രണ്ടോ മൂന്നോ ആളുകളല്ല. എല്ലാവരും ടീമിനായി ഒറ്റ ലക്ഷ്യത്തോടെ പൊരുതിയാലെ വിജയം വരു. ഇതൊരു സുവര്‍ണാവസരമായിരുന്നു. അത് നഷ്ടമായതില്‍ എനിക്ക് നിരാശയുണ്ട്. സ്വീഡനെതിരെ നമ്മള്‍ കാര്യമായ ഗോള്‍ അവസരങ്ങളൊന്നും സൃഷ്ടിച്ചില്ല. അതുകൊണ്ട് തന്നെ ഈ തോല്‍വി അവര്‍ അര്‍ഹിക്കുന്നു.

മത്സരത്തിന് മുമ്പ് സ്വിസ് താരങ്ങളോട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് അതിനുള്ള സമയമെല്ലാം വൈകിപ്പോയെന്നായിരുന്നു ഫെഡററുടെ മറുപടി. എല്ലാ മത്സരങ്ങളിലും ഊര്‍ജ്ജസ്വലരായി കളിക്കണമെന്ന് കളിക്കാര്‍ മനസിലാക്കണം. അത് ലോകകപ്പിലോ പ്രീ ക്വാര്‍ട്ടറിലോ മാത്രമല്ല. ഓരോ ദിവസവും അങ്ങനെയായിരിക്കണം. തന്റെ അനുഭവം വെച്ച് റു മത്സരത്തെയും ലളിതമായി കാണനാവില്ലെന്നും ഫെഡറര്‍ പറഞ്ഞു. ലോക റാങ്കിംഗില്‍ ആറാം സ്ഥാനക്കാരയ സ്വിറ്റ്സര്‍ലന്‍ഡ് 24-ാം റാങ്കുാകാരായ സ്വീഡനോട് ഏക ഗോളിന് തോറ്റാണ് നാട്ടിലേക്ക് മടങ്ങിയത്.