പെനാൽറ്റി ഷൂട്ടൗട്ടിൽ മുട്ടിടിക്കുന്നവരെന്ന ചീത്തപ്പേര് മായ്ച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

മോസ്‌കോ: ലോകകപ്പ് പെനാൽറ്റി ഷൂട്ടൗട്ടിൽ മുട്ടിടിക്കുന്നവരെന്ന ചീത്തപ്പേര് മായ്ച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടറിലേക്ക് കടക്കുന്നത്. ലോകകപ്പിൽ ഇതിന് മുന്‍പ് മൂന്ന് ഷൂട്ടൗട്ടുകളിലും തോറ്റ ഇംഗ്ലണ്ട് ഒരു പ്രധാന ടൂർണമെന്‍റിൽ ഷൂട്ടൗട്ട് അതിജീവിക്കുന്നത് 22 വർഷത്തിന് ശേഷമാണ്. കൊളംബിയയുടെ ഹെൻഡേഴ്സൺന്‍റെ മൂന്നാം കിക്ക് ഒസ്പിന തട്ടിയകറ്റിയപ്പോൾ ദുരന്തം ആവർത്തിക്കുന്നുവെന്ന് ഇംഗ്ലണ്ട് ഭയന്നതാണ്. എന്നാൽ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന് ട്രിപ്പിയറും എറിക് ഡയറും തെളിയിച്ചു. ഷൂട്ടൗട്ടിൽ ലോകകപ്പിലെ ഏറ്റവും മോശം റെക്കോഡുമായാണ് ഇംഗ്ലണ്ട് കൊളംബിയക്കെതിരെ ഇറങ്ങിയത്. മൂന്ന് ഷൂട്ടൗട്ട് എങ്കിലും നേരിട്ടവരിൽ ഒരു ജയം പോലുമില്ലാത്ത ഏക ടീമെന്ന ചീത്തപ്പേരുമായി. എന്നാൽ ഹാരി കെയ്നും സംഘവും അത് തിരുത്തി. 1990ല്‍ സെമി ഫൈനലിൽ പശ്ചിമ ജർമനിക്കെതിരെ ഗാരി ലിനേക്കറുടെ ഇംഗ്ലണ്ട് നിരയ്ക്ക് ആദ്യ ഷൂട്ടൗട്ട് ദുരന്തം. എട്ട് വർഷത്തിന് ശേഷം അർജന്റീനക്ക് മുന്നിലായിരുന്നു ദുർവിധി. ഡേവിഡ് ബാറ്റി നിർണായക കിക്ക് കളഞ്ഞപ്പോൾ പ്രീ ക്വാർട്ടർ തോറ്റ് മടക്കം.

2006ല്‍ പോർച്ചുഗലിനോട് ക്വാർട്ടർ ഫൈനലിൽ പെനാൽറ്റി കളയാൻ മത്സരിച്ചു ലാംപാർഡും ജെറാർഡും ജാമി കരാഗറും. ഇതൊക്കെ ആവർത്തിക്കാതിരിക്കാൻ പ്രത്യേക പരിശീലനനാണ് ഇംഗ്ലണ്ട് നടത്തിയത്.പെനാൽറ്റി എടുക്കേണ്ടത് ആരൊക്കെയെന്ന് നേരത്തെ തീരുമാനിച്ചു. സ്പോട്ട് കിക്കുകൾക്ക് കൂടുതൽ സമയം ചെലവഴിച്ചു. ഫലം കണ്ടതിൽ ഗാരത് സൗത്ത് ഗേറ്റിന് ആശ്വാസം ഒന്നുകൂടിയുണ്ട്.1996 യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ഷൂട്ടൗട്ടിൽ സൗത്ത് ഗേറ്റിന്‍റെ പിഴവായിരുന്നു. പരിശീലകനായെങ്കിലും അതിന് പ്രായശ്ചിത്തമാകുന്നു റഷ്യയിലെ വിജയം.