പോര്‍ച്ചുഗലും സ്പെയിനും ഉള്‍പ്പെട്ട ബി ഗ്രൂപ്പില്‍ പ്രശ്നങ്ങളുണ്ടെങ്കിലും സങ്കീര്‍ണമല്ല

മോസ്കോ: റഷ്യയില്‍ വിരുന്നെത്തിയ ലോകകപ്പ് മാമാങ്കം ലോകമാകെ ലഹരി പടര്‍ത്തി കുതിക്കുകയാണ്. ആളും ആരവവും ലോകമാകെ ആവേശം പകരുമ്പോള്‍ ഇക്കുറി വമ്പന്‍ ടീമുകള്‍ക്ക് പക്ഷെ നെഞ്ചിടിപ്പാണ്. ആദ്യ റൗണ്ട് പോരാട്ടം അവസാനഘടത്തിലേക്ക് കടക്കുമ്പോള്‍ റഷ്യയില്‍ ഫേഫറിറ്റുകളായി വണ്ടിയിറങ്ങിയവര്‍ക്ക് ആശ്വസിക്കാനായിട്ടില്ല.

കിരീടം നിലനിര്‍ത്താനിറങ്ങിയ ജര്‍മനിയും കഴിഞ്ഞ തവണ നഷ്ടമായ കിരീടം പിടിച്ചെടുക്കാനെത്തിയ അര്‍ജന്‍റീനയും ലോക കിരീടങ്ങളുടെ കണക്കെടുപ്പില്‍ മുന്നിലുള്ള ബ്രസീലും ലോകഫുട്ബോളര്‍ ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലും സ്പെയിനും തുടങ്ങി വമ്പന്മാരെല്ലാം ചക്രവ്യൂഹത്തില്‍ പെട്ട അവസ്ഥയില്‍ തന്നെ. പ്രതാപത്തിനൊത്ത പ്രകടനം കാട്ടിയത് ഇംഗ്ലണ്ടും ഫ്രാന്‍സും മാത്രമാണ്. കിരീടമില്ലാത്തവരുടെ കാര്യത്തില്‍ ബെല്‍ജിയത്തിനും റഷ്യക്കും സ്വിറ്റ്സര്‍ലണ്ടിനും ഒന്നാംറൗണ്ടിലെ ആദ്യ രണ്ട് പോരാട്ടങ്ങളും ആഘോഷമാക്കാനായി.

അവിശ്വസനീയമാം വിധം തിരിച്ചുവന്ന ജര്‍മനിയും അങ്ങനെ വരുമെന്ന് കരുതപ്പെടുന്ന മെസിപ്പടയുടെയും സാധ്യത ഇപ്പോഴും തുലാസിലാണ്. ഗ്രൂപ്പ് എയില്‍ ഗംഭീര കളി പുറത്തെടുത്ത റഷ്യയും ഉറുഗ്വയും പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിക്കഴിഞ്ഞു. ഇനിയുള്ള പോരാട്ടം ഗ്രൂപ്പ് ചാമ്പ്യന്‍ ആരെന്നതിനെ സംബന്ധിച്ച് മാത്രമാണ്.

പോര്‍ച്ചുഗലും സ്പെയിനും ഉള്‍പ്പെട്ട ബി ഗ്രൂപ്പില്‍ പ്രശ്നങ്ങളുണ്ടെങ്കിലും സങ്കീര്‍ണമല്ല. നാളെ നടക്കാനിരിക്കുന്ന മത്സരങ്ങളില്‍ ജയിച്ച് രണ്ട് ടീമുകളും നോക്കൗണ്ട് ഘട്ടത്തിലേക്ക് ഇരമ്പിയെത്തും. അട്ടിമറി ഉണ്ടാകാനുള്ള സാധ്യതയും വിരളമാണ്. എന്നാല്‍ മൂന്നാം ഗ്രൂപ്പില്‍ ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ ഡെന്‍മാര്‍ക്കും ഓസ്‌ട്രേലിയയും രണ്ടാമതെത്താനുള്ള തീവ്ര ശ്രമത്തിലാണ്.

ഡി ഗ്രൂപ്പില്‍ ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ അര്‍ജന്റീന, നൈജീരിയ, ഐസ്ലന്‍ഡ് എന്നിവരെല്ലാം പ്രതീക്ഷയിലാണ്. അവസാന പോരാട്ടത്തില്‍ നൈജീരയയെ കീഴടക്കിയാല്‍ മാത്രമെ അര്‍ജന്‍റീനയ്ക്ക് മുന്നില്‍ എന്തെങ്കിലും സാധ്യതയുള്ളു. ഐസ് ലന്‍ഡ് ക്രൊയേഷ്യയെ തോല്‍പ്പിച്ചാല്‍ ഗോള്‍ ശരാശരി വില്ലനാകുമോയെന്ന ആശങ്കയും ഉണ്ട്. മറുവശത്ത് നൈജീരിയയ്ക്കാകട്ടെ അര്‍ജന്‍റീനയെ മലര്‍ത്തിയടിച്ചാല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കുതിക്കാം.

ബ്രസീല്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയാണ് അക്ഷരാര്‍ത്ഥത്തില്‍ മരണഗ്രൂപ്പായി മാറിയിരിക്കുന്നത്. ഒരു ടീമും ഇവിടെനിന്ന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടില്ല. നെയ്മറിന്‍റെ ബ്രസീലും സ്വിറ്റ്‌സര്‍ലന്‍ഡും കരുത്തുകാട്ടിയെങ്കിലും ടിക്കറ്റ് സ്വന്തമാക്കാനായിട്ടില്ല. അവസാന പോരാട്ടത്തില്‍ ബ്രസീല്‍ സെര്‍ബിയയെ നേരിടുമ്പോള്‍ സ്വിസ് പടയുടെ എതിരാളികള്‍ കോസ്റ്റാറിക്കയാണ്. ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സെര്‍ബിയ എന്നിവരില്‍ ജയിക്കുന്നവര്‍ക്ക് നോക്കൗട്ട് ഘട്ടിത്തിലേക്ക് അനായാസം കടക്കാം. ബ്രസീലിനും സ്വിസിനും സമനിലയായാലും മതി.

ഗ്രൂപ്പ് എഫില്‍ മെക്സിക്കോ ഉറപ്പിച്ചപ്പോള്‍ ജര്‍മനി രണ്ടാം സ്ഥാനത്തിന് വേണ്ടി പോരടിക്കുകയാണ്. ഗ്രൂപ്പ് ജിയില്‍ എല്ലാം തെളിഞ്ഞിട്ടുണ്ട്. ബെല്‍ജിയവും ഇംഗ്ലണ്ടും അവസാന പതിനാറില്‍ ഇടം ഉറപ്പിച്ചു. ഗ്രൂപ്പ് ജിയിലും വലിയ പ്രശ്നങ്ങളില്ല. സെനഗലും ജപ്പാനും രണ്ടാംറൗണ്ടിലേക്ക് പന്തുതട്ടുകയാണ്.