ജപ്പാന്‍ പരാജയപ്പെട്ടാല്‍ ഏഷ്യന്‍ പ്രതീക്ഷകള്‍ അസ്‌തമിക്കും
മോസ്കോ: ലോകകപ്പില് ഇന്ന് നടക്കുന്ന രണ്ടാമത്തെ പ്രീക്വാർട്ടറിൽ കരുത്തരായ ബെൽജിയത്തിന്റെ എതിരാളികൾ ഏഷ്യൻ പ്രതീക്ഷയായ ജപ്പാന്. രാത്രി 7.30ന് റൊസ്തോവ് ഡോൺ അരീനയിലാണ് മത്സരം.
ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോൾ ലോകകപ്പിലെ കരുത്തരിൽ കരുത്തരാണ് ബെൽജിയം. തോൽവിയറിയാതെ 16 മത്സരം പൂർത്തിയാക്കിയ ടീം. എതിരാളികൾ ഭയക്കണം കോച്ച് മാർട്ടിനസിന്റെ ചുവന്ന ചെകുത്താൻമാരെ. ഇംഗ്ലണ്ടിനെതിരെ രണ്ടാംനിരയെ ഇറക്കി ജയിച്ച് കയറിയ ആത്മ വിശ്വാസവും ജപ്പാനെതിരെ കളിക്കാനിറങ്ങുമ്പോൾ കൂട്ടുണ്ട്. ഗോൾവേട്ടയിൽ മുന്നിലുള്ള ലൂക്കാക്കു ആദ്യ ഇലവനിൽ ഇറങ്ങും.
പെനാൽറ്റി ഷൂട്ടൗട്ട് വരെ കാക്കാതെ ജയിക്കുമെന്ന് പരിശീലകന് പറഞ്ഞെങ്കിലും പ്രീക്വാർട്ടറിൽ റഷ്യയുടെ ജയം ചില സൂചനകളാണ്. ഷൂട്ടൗട്ടിനായി പ്രത്യേക പരിശീലനം നടത്തിയാണ് കുർട്ടോയിസിന്റെ വരവ്. വലിയ വിജയങ്ങളുടെ കണക്ക് പറയാനില്ലെങ്കിലും പരിചയസമ്പന്നതയാണ് ജപ്പാന്റെയും പ്രതീക്ഷ. കവാഷിമ, ഹോണ്ട, ഒക്കസാക്കി തുടങ്ങി വലിയ വേദിയിൽ പോരാടി തഴക്കം വന്നവർ ടീമിലുണ്ട്.
തുടക്കം മുതൽ ബെൽജിയം ഇറച്ചുകയറുമെന്ന് ഉറപ്പുള്ളതിനാൽ ഫോർമേഷനിൽ മാറ്റങ്ങൾക്ക് ജപ്പാൻ കോച്ച് ഹിഡേറ്റോഷി സുസൂക്കി തയാറായേക്കും. 4-4-2ന് പകരം 4-2-3-1 എന്ന് രീതിയിൽ കളിക്കാരെ വിന്യസിക്കുമെന്നാണ് സൂചന. ഭാഗ്യത്തിന്റെ സഹായത്തിൽ സെനഗലിനെ മറികടന്നെത്തിയ ജപ്പാൻ പുറത്തായാൽ ലോകകപ്പിലെ ഏഷ്യൻ പ്രതീക്ഷകളും റൊസ്തോവ് നദിക്കരയിൽ അവസാനിക്കും.
