നെയ്‌മര്‍, ജീസസ്, കൗട്ടീഞ്ഞോ എന്നിവര്‍ക്ക് ഗോള്‍

വിയന്ന: തുടര്‍ച്ചയായ രണ്ടാം സന്നാഹ മത്സരത്തിലും ആധികാരികമായി വിജയിച്ച് ബ്രസീല്‍ ലോകകപ്പിന്. വിയന്നയിലെ ഏണസ്റ്റ് ഹാപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എകപക്ഷീയ മൂന്ന് ഗോളുകള്‍ക്കാണ് ഓസ്‌ട്രിയയെ ബ്രസീല്‍ കെട്ടുകെട്ടിച്ചത്. സൂപ്പര്‍ താരങ്ങളായ നെയ്‌മര്‍, ജീസസ്, കൗട്ടീഞ്ഞോ എന്നിവര്‍ ബ്രസീലിനായി ഗോളുകള്‍ നേടി. നേരത്തെ ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ വിജയിച്ചിരുന്നു. 

ബ്രസീലിയന്‍ താരങ്ങള്‍ ഒത്തിണക്കം കാട്ടിയപ്പോള്‍ ഓസ്‌ട്രിയന്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് 36-ാം മിനിറ്റില്‍ ജീസസ് കാനറികളെ മുന്നിലെത്തിച്ചു. ഇതോടെ ആദ്യ നിര്‍ണായക ലീഡുമായി കാനറികള്‍ ഇടവേളയ്ക്ക് കയറി. രണ്ടാം പകുതി തുടങ്ങിയതും ബ്രസീലിന്‍റെ ശക്തമായ ആക്രമണങ്ങളോടെയാണ്. 63-ാം മിനിറ്റില്‍ വില്ല്യാന്‍ വച്ചുനീട്ടിയ സുവര്‍ണാവസരം നെയ്‌മര്‍ അനായാസം വലയിലെത്തിച്ചു.

രണ്ടാം ഗോള്‍ വീണതിന്‍റെ ആഘാതം ഓസ്‌ട്രിയയെ വിട്ടൊഴിയും മുന്‍പ് ആറ് മിനുറ്റുകളുടെ ഇടവേളയില്‍ ഫിര്‍മിനോയുടെ മനോഹരമായ പാസ് വലയിലെത്തിച്ച് കൗട്ടീഞ്ഞോ പട്ടിക പൂര്‍ത്തിയാക്കി. വിജയത്തോടെ പൂര്‍ണ ആത്മവിശ്വാസത്തില്‍ ബ്രസീലിന് റഷ്യയിലിറങ്ങാം. ഒത്തിണക്കത്തോടെ കളിക്കുന്ന താരങ്ങളെ ലോകകപ്പിന് മുന്‍പ് ഒരുക്കാനായതിന്‍റെ ആത്മവിശ്വാസം പരിശീലകന്‍ ടിറ്റെയ്ക്ക് കൈമുതലാവും‍. ലോക ചാമ്പ്യന്മാരായ ജര്‍മനിയെ തോല്‍പ്പിച്ചതിന്‍റെ ബലത്തിലാണ് മഞ്ഞപ്പടയെ നേരിടാന്‍ ഓസ്ട്രിയ ഇറങ്ങിയത്.