നെയ്മറുടെ കഴിവുകളില്‍ ആശ്ചര്യം പ്രകടിപ്പിച്ച് പരിശീലകന്‍ ടിറ്റെ
മോസ്കോ: കാലിലെ ശസ്ത്രക്രിയക്ക് ശേഷമുള്ള രണ്ട് മത്സരങ്ങളിലും തകര്പ്പന് ഗോള്. മാന്ത്രിക കാലുകളുള്ള നെയ്മര് എന്ന മജീഷ്യന് കാനറികളുടെ പ്രതീക്ഷകള്ക്ക് ചിറകടി നല്കിക്കഴിഞ്ഞു. സന്നാഹമത്സരങ്ങളില് രണ്ടിലും വലചലിപ്പിച്ച നെയ്മറുടെ കാലുകള് ലോകകപ്പിലും ബ്രസീലിനെ രക്ഷിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്മറുടെ ഫോമില് ആകൃഷ്ടനായെന്ന് മാത്രമല്ല താരത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീല് പരിശീലകന് ടിറ്റെ. ഓസ്ട്രിയക്കെതിരായ നെയ്മറുടെ മിന്നും ഗോളിന് ശേഷമാണ് ടിറ്റെയുടെ പ്രതികരണം.
നെയ്മറുടെ കഴിവുകളെ കുറിച്ച് തനിക്ക് പോലും പൂര്ണമായും അറിവില്ലെന്ന് 2016 മുതല് ടീമിനൊപ്പമുള്ള ടിറ്റെ പറയുന്നു. നെയ്മറുടെ സാങ്കേതിക- ക്രിയാത്മക ശേഷി തന്നെ വല്ലാതെ ആകര്ഷിക്കുന്നു- ലോകകപ്പിന് മുന്നോടിയായി ടിറ്റെ വ്യക്തമാക്കി. ഓസ്ട്രിയക്കെതിരായ ഗോളോടെ അന്താരാഷ്ട്ര കരിയറില് നെയ്മറുടെ ഗോള് നേട്ടം 55ലെത്തിയിരുന്നു. ബ്രസീലിനായി കൂടുതല് ഗോള് നേടിയ താരങ്ങളില് റൊമാരിയക്കൊപ്പം മൂന്നാം സ്ഥാനത്താണ് താരമിപ്പോള്. നെയ്മറില് പ്രതീക്ഷയര്പ്പിച്ചാണ് അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീല് റഷ്യയിലിറങ്ങുന്നത്.
