കിരീടം ബ്രസീല്‍ നേടുമെന്ന് പറയാനുള്ള അഞ്ച് കാരണങ്ങള്‍

മോസ്‌കോ: ആറാം ലോകകിരീടം ലക്ഷ്യമിടുന്ന ബ്രസീലാണ് റഷ്യന്‍ ലോകകപ്പിലെ ഫേവറേറ്റുകളിലൊന്ന്. മികച്ച ടീമുമായെത്തുന്ന ബ്രസീലിന് ഇക്കുറി കപ്പുയര്‍ത്താനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ലോകകപ്പിന് ആദ്യം യോഗ്യത നേടിയ ടീം എന്നതും നെയ്‌മറും, ജീസസും, കൗട്ടീഞ്ഞോയും അടങ്ങുന്ന മുന്നേറ്റനിരയും ബ്രസീലിന്‍റെ ലോകകപ്പ് മോഹങ്ങള്‍ക്കുള്ള പച്ച സിഗ്നലുകളാണ്. റഷ്യയില്‍ ബ്രസീല്‍ കിരീടം ചൂടും എന്ന് പറയാനുള്ള അഞ്ച് കാരണങ്ങള്‍ പരിശോധിക്കാം.

1. യോഗ്യത മത്സരങ്ങളിലെ കുതിപ്പ്
യോഗ്യതാ മത്സരങ്ങള്‍ കളിച്ച് ലോകകപ്പിന് യോഗ്യത നേടിയ ആദ്യ ടീമാണ് ബ്രസീല്‍. യോഗ്യതാ മത്സരങ്ങളില്‍ 18ല്‍ 12 മത്സരങ്ങളും കാനറികള്‍ വിജയിച്ചു. ആകെ അടിച്ചുകൂട്ടിയത് 41 ഗോളുകള്‍. പാരമ്പര്യവൈരികളായ അര്‍ജന്‍റീനയെ 3-0ന് പരാജയപ്പെടുത്തി. റഷ്യയില്‍ പോരടിക്കുന്ന മറ്റ് നാല് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും ബ്രസീല്‍ യോഗ്യതാ റൗണ്ടില്‍ മുട്ടുകുത്തിച്ചിരുന്നു. 

2. നെയ്മര്‍ എന്ന മഹാമേരു
ടിറ്റെയുടെ സംഘത്തിലെ വിശ്വസ്തന്‍ ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. മികച്ച ഫോമിലുള്ള പിഎസ്ജി സ്‌ട്രൈക്കര്‍ നെയ്മര്‍. പരിക്കുമാറിയെത്തുന്ന നെയ്‌മര്‍ അതിശക്തനാണെന്ന് എതിരാളികള്‍ക്ക് നന്നായി അറിയാം. ക്രൊയേഷ്യക്കെതിരെ സന്നാഹമത്സരത്തില്‍ തകര്‍പ്പന്‍ ഗോള്‍ നേടി തിരിച്ചുവരവ് ഗംഭീരമാക്കിയ നെയ്മര്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പാണ്. 

3. ഗ്രൂപ്പ് ഇയിലെ സാധ്യതകള്‍
താരതമ്യേന ദുര്‍ബലരായ ടീമുകളാണ് ഗ്രൂപ്പ് ഇയില്‍ ബ്രസീലിന്‍റെ എതിരാളികള്‍. അതിനാല്‍ അനായാസം ബ്രസീലിന് അടുത്ത റൗണ്ടിലേക്ക് പന്തുതട്ടാം. ഇവരില്‍ സെര്‍ബിയ മാത്രമാണ് ബ്രസീലിന് വെല്ലുവിളി ഉയര്‍ത്താന്‍‍ സാധ്യതയുള്ള ടീം. ഫിഫ റാങ്കിംഗില്‍ 34-ാം സ്ഥാനത്താണ് സെര്‍ബിയയിപ്പോള്‍. സ്വിസ്റ്റര്‍ലന്‍ഡ്, കോസ്റ്റാറിക്ക എന്നിവരാണ് മറ്റ് ടീമുകള്‍.

4. കരുത്തുറ്റ യുവനിര

2014ലെ ബ്രസീലിയന്‍ ലോകകപ്പിനെക്കാള്‍ ശക്തമായ ടീമാണ് റഷ്യയില്‍ ബ്രസീല്‍ അണിനിരത്തുന്നത്. അതിശക്തമായ യുവനിരയാണ് ഇതില്‍ ശ്രദ്ധേയം. നെയ്‌മര്‍ക്ക് പരിക്കേറ്റാല്‍ പോലും കളി ജയിപ്പിക്കാന്‍ പ്രാപ്തരായ ജീസസും, കൗട്ടീഞ്ഞോയും തന്നെ ഉദാഹരണം. റയല്‍ താരം കസിമിറോ, ലിവര്‍പൂളിന്‍റെ ഫിര്‍മിനോ എന്നിവരും റഷ്യയില്‍ ബ്രസീലിന്‍റെ യുവരക്തങ്ങളാണ്.

5. ടിറ്റെയെന്ന തന്ത്രങ്ങളുടെ ആശാന്‍

റഷ്യയില്‍ ബ്രസീലിന് കൂടുതല്‍ കരുത്തുപകരുന്ന ഘടകങ്ങളില്‍ ഒന്ന് പരിശീലകന്‍ ടിറ്റെയുടെ സാന്നിധ്യമാണ്. 2016ല്‍ പരിശീലകനായ സ്ഥാനമേറ്റ ശേഷം ടിറ്റെയ്ക്ക് കീഴില്‍ വന്‍ കുതിപ്പാണ് ബ്രസീല്‍ നടത്തുന്നത്. പ്രതിഭാസമ്പന്നരായ താരങ്ങള്‍ അണിനിരക്കുന്ന ടീമില്‍ ടീറ്റെയുടെ തന്ത്രങ്ങളാവും ബ്രസീലിന്‍റെ ഭാവി തീരുമാനിക്കുക. ജീസസ് എന്ന വജ്രായുധത്തെ ടിറ്റെ എങ്ങനെ ഉപയോഗിക്കും എന്നതാവും ഇതില്‍ ശ്രദ്ധേയം.