വിലയേറിയ ഗോള്‍കീപ്പര്‍ എന്ന പെരുമയുമാണ് ഗിയ ലോകകപ്പിനെത്തിയത്
മോസ്കോ: ലോകത്തെ വിലയേറിയ ഗോള്കീപ്പര് എന്ന പെരുമയുമായാണ് മാഞ്ചസ്റ്റര് യുണൈറ്റഡ് താരം ഡേവിഡ് ഡി ഗിയ സ്പാനീഷ് കുപ്പായത്തില് ലോകകപ്പിനെത്തിയത്. എന്നാല് ഗ്രൂപ്പ് ഘട്ടത്തിലെ സ്പെയിനിന്റെ മൂന്ന് മത്സരവും കഴിഞ്ഞപ്പോള് ഈ ലോകകപ്പിലെ മോശം ഗോള്കീപ്പറാണ് ഡി ഗിയ എന്നാണ് കണക്കുകള് തെളിയിക്കുന്നത്. ഇതുവരെ മൂന്ന് മത്സരങ്ങളില് ഒരു സേവ് മാത്രമാണ് ഗിയയുടെ പേരിലുള്ളത്.
ആദ്യ മത്സരത്തില് പോര്ച്ചുഗലിനെതിരെ മോശം പ്രകടനമാണ് ഗിയ കാഴ്ച്ചവെച്ചത്. മൂന്ന് ഗോളുകള് വഴങ്ങിയപ്പോള് റൊണാള്ഡോയുടെ ഒരു ദുര്ബല ഷോട്ട് ഗിയയുടെ കൈകളിലൂടെ ചോര്ന്നു. അടുത്ത മത്സരത്തില് ഇറാനെതിരെ ഒരു ഗോളിന് കഷ്ടിച്ച് സ്പെയിന് വിജയിച്ചപ്പോള് ഒരു ഷോട്ട് പോലും ഗിയക്ക് തടയേണ്ടിവന്നില്ല. ഇറാന് സ്പാനിഷ് ഗോള്മുഖത്തേക്ക് ഒരു ഷോട്ട് പോലും ഉതിര്ത്തില്ല എന്നതാണ് ഗിയക്ക് തുണയായത്.
മൊറോക്കോയ്ക്കെതിരെയും ഗിയ മോശം പ്രകടനം തുടര്ന്നു. രണ്ടെണ്ണം വഴങ്ങിയപ്പോള് ബൗത്തെയ്ബ് നേടിയ ആദ്യ ഗോള് കടന്നുപോയത് ഗിയയുടെ കാലുകള്ക്കിടയിലൂടെയായിരുന്നു. തീര്ന്നില്ല, മൊറോക്കോ തൊടുത്ത മൂന്ന് ഷോട്ടുകളില് ഒരെണ്ണം മാത്രമാണ് സ്പെയിന് ഗോള്കീപ്പര് തടുത്തത്. ബാക്കി രണ്ടെണ്ണം വലകുലുക്കിയപ്പോള് മത്സരത്തില് മൊറോക്കോ രണ്ട് ഗോളിന് സമനില പിടിച്ചു.
ഇതോടെ ഈ ലോകകപ്പിലെ ദുരന്തമായി ഡേവിഡ് ഡി ഗിയ മാറി. ഇംഗ്ലീഷ് പ്രീമിയര് ലീഗിലെ മികച്ച ഗോള്കീപ്പര്ക്കുള്ള ഗോള്ഡണ് ഗ്ലൗ ഇക്കുറി ഗിയക്കായിരുന്നു. മെക്സിക്കന് ഗോള്കീപ്പര് ഗില്ലര്മോ ഒച്ചാവോയാണ്( രണ്ട് മത്സരങ്ങളില് 14) ഈ ലോകകപ്പില് കൂടുതല് സേവുകള് നടത്തിയിട്ടുള്ളത്. രണ്ട് മത്സരങ്ങളില് തന്നെ 10 സേവുകളുമായി ഡെന്മാര്ക്കിന്റെ കാസ്പറാണ് രണ്ടാം സ്ഥാനത്ത്.
