പുതുചരിത്രമെഴുതാൻ ക്രൊയേഷ്യ രണ്ടാം കിരീടത്തിനായി ഫ്രാൻസ്
മോസ്‌കോ: ലോകകപ്പില്‍ ഞായറാഴ്ചയാണ് ഫ്രാൻസ്- ക്രൊയേഷ്യ കലാശപ്പോരാട്ടം. രാത്രി 8.30ന് ലുഷ്നിക്കിയിൽ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരും. പരമ്പരാഗത ശക്തികളിലൊന്നായ ഫ്രാൻസിനും ക്രൊയേഷ്യക്ക് മുന്നിൽ അടിതെറ്റിയാൽ റഷ്യൻ ലോകകപ്പ് ചരിത്രത്തിൽ ഇടംപിടിക്കും. എന്തായാലും ലോകഫുട്ബോളിൽ യൂറോപ്പിൻറെ ആധിപത്യത്തിന് അടിവരയിടുന്നതാകും ഫൈനൽ പോരാട്ടം.
ലോകകപ്പിന് കൊടിയേറുമ്പോൾ ഇങ്ങനെയൊരു ഫൈനൽ ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. വമ്പൻമാരെ വീഴ്ത്തിയാണ് രണ്ട് ടീമുകളുടെയും വരവ്. കളിച്ച എല്ലാ മത്സരവും ജയിച്ചവരാണ് ക്രൊയേഷ്യ. അർജന്‍റീന, ഡെൻമാർക്ക്, റഷ്യ, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ അവർക്ക് മുന്നിൽ അടിയറവ് പറഞ്ഞു. 1998-ൽ കന്നി ലോകകപ്പിലെ മൂന്നാം സ്ഥാനം ഇക്കുറി അവർ ഒരുപടി കൂടിയെങ്കിലും ഉയർത്തുമെന്ന് ഉറപ്പായിരിക്കുന്നു.
ഫ്രാൻസിനെ തോൽപിച്ചാൽ ലോകകപ്പ് നേടുന്ന ഒന്‍പതാമത്തെ മാത്രം രാജ്യമാകാം ക്രൊയേഷ്യക്ക്. മറുവശത്ത് ഫ്രാൻസിന്റെ ലക്ഷ്യം രണ്ടാം കിരീടമാണ്. 1998 ലോകകപ്പിൽ ക്രൊയേഷ്യയെ കീഴടക്കിയപ്പോൾ ഫ്രാൻസ് മുന്നേറിയത് കലാശപ്പോരാട്ടത്തിലേക്കാണെങ്കിൽ ഇക്കുറി അത് സമ്മാനിക്കുക ലോകകിരീടം തന്നെയാണ്. 2006ൽ ഇറ്റലിയോട് തോറ്റ ഫ്രാൻസിന് ഇത് മൂന്നാം ഫൈനൽ.
പ്രാഥമിക ഘട്ടത്തിൽ വലിയ പ്രതീക്ഷയൊന്നും നൽകാതിരുന്ന ഫ്രഞ്ച് പട നോക്കൌട്ടിൽ മികവിലേക്കുയർന്നു. അർജന്‍റീന, ഉറുഗ്വെ, ബെൽജിയം. വമ്പന്‍മാരെ തുടർച്ചയായി വീഴ്ത്തിയാണ് ഫ്രാൻസിന്‍റെ വരവ്. കളിക്കാരനായും പരിശീലകനായും ലോകകപ്പെന്ന ദിദിയർ ദെഷാംപ്സിന്‍റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഗ്രീസ്മാനും എംബാപ്പെയുമൊക്കെ കിണഞ്ഞ് പരിശ്രമിക്കും. വെല്ലുവിളിയായി മോഡ്രിച്ചും റാക്കിറ്റിച്ചും പെരിസിച്ചുമുണ്ട് ക്രൊയേഷ്യയ്ക്ക്.
