യുവ താരത്തിന് ഉപദേശം നല്‍കുന്നത് മുന്‍ ലോകകപ്പ് ജേതാവ്

സാവോപോള: കാല്‍പന്ത് കളിയില്‍ വീണ്ടുമൊരു ലോകകപ്പ് അങ്കത്തിന് ഒരുങ്ങുകയാണ് കൂടുതല്‍ തവണ ചാമ്പ്യന്‍മാരായ ബ്രസീല്‍. നെയ്മര്‍ക്കൊപ്പം ഗബ്രിയേല്‍ ജീസസ്, ഫിലിപ്പ് കൗട്ടീഞ്ഞോ തുടങ്ങി ഒരുപിടി മികച്ച യുവ പ്രതിഭകളുമായാണ് ബ്രസീല്‍ ആറാം കിരീടം ലക്ഷ്യമിട്ട് റഷ്യയിലെത്തുന്നത്. ഇവരില്‍ ലോകകപ്പിന്‍റെ താരമാകാന്‍ സാധ്യതയുള്ളവരില്‍ ഒരാളാണ് 21കാരനായ ഗബ്രിയേല്‍ ജീസസ്.

ലോകകപ്പിന് തയ്യാറെടുക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ ജീസസിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ലോകകപ്പ് ജേതാവായ റൊമാരിയോ. അവശ്യത്തിന് സെക്‌സ് ചെയ്യാനും ഗോളുകള്‍ നേടാനും താരത്തിനോട് റൊമാരിയോ പറയുന്നു. മറ്റ് മത്സരങ്ങളില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണ് ലോകകപ്പ് പോരാട്ടം. കളിയില്‍ നൂറ് ശതമാനം ശ്രദ്ധ കാട്ടിയാല്‍ മാത്രമേ ലോകകപ്പില്‍ തിളങ്ങാനാകൂ. അല്ലെങ്കില്‍ രാജ്യത്തിനായി മികച്ച പ്രകടനം പുറത്തെടുക്കാനാവില്ല- റൊമാരിയോ പറയുന്നു.

ബ്രസീലിനായി 15 മത്സരങ്ങളില്‍ ഒമ്പത് തവണ വലകുലുക്കിയ താരമാണ് ജീസസ്. ജീസസ് റഷ്യയില്‍ ബ്രസീലിനായി അത്ഭുതം കാട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1994 ബ്രസീല്‍ കിരീടം ചൂടിയപ്പോള്‍ ലോകകപ്പിലെ മികച്ച താരമായിരുന്നു റൊമാരിയോ. കാനറി കുപ്പായത്തില്‍ 70 മത്സരങ്ങളില്‍ 55 ഗോളുകള്‍ റൊമാരിയോ നേടിയിട്ടുണ്ട്. ഇപ്പോള്‍ റിയോ ഡി ജനീറോയിലെ സെനറ്ററാണ് ഈ മുൻ താരം.