ലോകകപ്പിന് മുമ്പ് നെയ്‌മറുടെ പരിക്ക് ബ്രസീലിന് തലവേദനയാകുന്നു

സാവോപോള: റഷ്യയില്‍ ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന്‍റെ കിക്കോഫിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ആറാം കിരീടം ലക്ഷ്യമിട്ടാണ് ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീല്‍ റഷ്യയിലെത്തുന്നത്. ബ്രസീലിന്‍റെ പ്രതീക്ഷകളാവട്ടെ പരിക്കില്‍ നിന്ന് മുക്തനായ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്‌മറിലും. എന്നാല്‍ ബ്രസീലിയന്‍ ടീമിനും ആരാധകര്‍ക്കും ആശങ്ക സമ്മാനിക്കുന്ന വാര്‍ത്തയാണ് ടീം ക്യാമ്പില്‍ നിന്നുവരുന്നത്.

ലോകകപ്പിന് മുമ്പ് താന്‍ പൂര്‍ണ ഫിറ്റല്ലെന്ന് തുറന്നുപറഞ്ഞിരിക്കുന്നു നെയ്‌മര്‍. നെയ്‌മറെ കേന്ദ്രീകരിച്ച് തന്ത്രങ്ങള്‍ മെനയുന്ന ടിറ്റെയ്‌ക്ക് ആശങ്കകള്‍ സമ്മാനിക്കുന്ന കാര്യമാണിത്. ജൂണ്‍ 17ന് സ്വിറ്റ്സര്‍ലന്‍ഡിന് എതിരെയാണ് ലോകകപ്പില്‍ ബ്രസീലിന്‍റെ ആദ്യമത്സരം. ഫ്രഞ്ച് ലീഗില്‍ മാര്‍സീലേക്കെതിരായ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മാര്‍ച്ച് മൂന്നിനായിരുന്നു പിഎസ്ജി താരമായ നെയ്മറുടെ ശസ്ത്രക്രിയ. 

വിശ്രമത്തിന് ശേഷം ടീം ക്യാമ്പില്‍ തിരിച്ചെത്തിയ നെയ്മര്‍ ലോകകപ്പിന് മുന്നോടിയായി പരിശീലനം തുടങ്ങിയിരുന്നു. എന്നാല്‍ താന്‍ പൂര്‍ണ ആരോഗ്യവാനല്ലെന്ന് നെയ്മര്‍ തന്നെ വ്യക്തമാക്കിയതോടെ ജൂണ്‍ മൂന്നിന് ക്രോയേഷ്യക്കെതിരെ നടക്കുന്ന സന്നാഹ മത്സത്തില്‍ കളിക്കുമോയെന്ന കാര്യം സംശയത്തിലായിട്ടുണ്ട്.