ഇഷ്‌ട ടീമുകളെ പിന്തുണച്ച് ഇന്ത്യന്‍ ആരാധകര്‍ ഗാലറി നിറയ്ക്കും

മോസ്‌കോ: ഫുട്ബോള്‍ ലോകകപ്പില്‍ പന്തുതട്ടുക എന്നത് ഇന്ത്യയുടെ നീണ്ടകാലത്തെ സ്വ‌പ്നമാണ്. ലോകകപ്പുകളുടെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഇന്ത്യന്‍ ജഴ്‌സി മൈതാനത്ത് ആരാധകര്‍ക്ക് കാണാനായില്ല. എങ്കിലും റഷ്യയില്‍ ലോകകപ്പിന്‍റെ 21-ാം എഡിഷന് കിക്കോഫാകുമ്പോള്‍ ഗാലറിയില്‍ ഇഷ്‌ട ടീമുകളെ പിന്തുണച്ച് ഇന്ത്യന്‍ ആരാധകരുടെ വലിയ സാന്നിധ്യമുണ്ടാകും.

റഷ്യയില്‍ 17,962 ടിക്കറ്റുകളാണ് ഇന്ത്യന്‍ ആരാധകര്‍ക്കായി നീക്കിവെച്ചിട്ടുള്ളത്. ടിക്കറ്റ് വില്‍പനയില്‍ രാജ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യ 20-ല്‍ ഇന്ത്യയുണ്ടെന്ന് ഫിഫ പറയുന്നു. കഴിഞ്ഞ വര്‍ഷം വില്‍പന ആരംഭിച്ച ഘട്ടത്തില്‍ ടിക്കറ്റ് സ്വന്തമാക്കിയവരില്‍ ഇന്ത്യ ആദ്യ പത്തില്‍ എത്തിയിരുന്നു. ഏപ്രില്‍ 18ന് ആരംഭിച്ച അവസാന ഘട്ട ടിക്കറ്റ് വില്‍പനയില്‍ 24 മണിക്കൂറിനുള്ളില്‍ 1,905 ടിക്കറ്റുകളാണ് ഇന്ത്യന്‍ ആരാധകര്‍ സ്വന്തമാക്കിയത്.

ലോകകപ്പിന് യോഗ്യത നേടാത്ത മെമ്പര്‍ അസോസിയേഷനുകള്‍ക്ക് 250 ടിക്കറ്റ് വീതം ഫിഫ അനുവദിച്ചിട്ടുണ്ട്. ഉദ്ഘാടന, സെമി, ഫൈനല്‍ മത്സരങ്ങള്‍ക്കായി പ്രത്യേക ടിക്കറ്റുകളും അനുവദിച്ചിട്ടുണ്ട്. ആതിഥേയരായ റഷ്യക്കാണ് കൂടുതല്‍ ടിക്കറ്റുകള്‍ (872,578) ഫിഫ അനുവദിച്ചിട്ടുള്ളത്. ലോകകപ്പിന് യോഗ്യത നേടാത്ത രാജ്യങ്ങളില്‍ 86,710 ടിക്കറ്റുകളുമായി യുഎസും 39,884 ടിക്കറ്റുമായി ചൈനയുമാണ് മുന്നില്‍.