അര്‍ജന്‍റീനന്‍ ടീമില്‍ ഒത്തൊരുമയില്ലെന്ന് പെരിസിച്ച്
മോസ്കോ: ലോകകപ്പില് അപ്രതീക്ഷിതമായാണ് ക്രൊയേഷ്യയോട് അര്ജന്റീന തോറ്റത് എന്ന് മത്സരം കണ്ടവര് പറയില്ല. ഗോള്കീപ്പര് വില്ലി കബല്ലാരോയുടെ പിഴവും പ്രതിരോധത്തിലെ അശ്രദ്ധയുമാണ് അര്ജന്റീനയെ 3-0ന്റെ ദയനീയ തോല്വിയിലേക്ക് തള്ളിവിട്ടത്. വമ്പന് തോല്വിക്ക് പിന്നാലെ അര്ജന്റീനന് ടീമിലെ പഴുതുകള് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ക്രൊയേഷ്യന് അറ്റാക്കിംഗ് മിഡ്ഫീല്ഡര് ഇവാന് പെരിസിച്ച്.
'ക്രിസ്റ്റ്യാനോ റൊണാള്ഡോയെ പോലെ ലോകോത്തര താരമാണ് ലിയോണല് മെസി. എന്നാല്, ടീമായി കളിച്ചാല് മാത്രമേ എന്തെങ്കിലും നേടാനാവുകയുള്ളൂ. അര്ജന്റീനയ്ക്ക് മുന്നോട്ട് പോകണമെങ്കില് ടീമില് കാര്യമായ മാറ്റങ്ങള് വരുത്തിയേ മതിയാകൂ. എന്നാല് തങ്ങള് ശരിയായ പാതയിലാണ്. ഫ്രാന്സിലെ 1998 ലോകകപ്പില് തങ്ങള് ചെയ്തത് എന്താണോ അത് പിന്തുടരുന്നു. ഐസ്ലന്ഡിനെ കൂടി പരാജയപ്പെടുത്തുകയാണ് ലക്ഷ്യം- പെരിസിച്ച് പറഞ്ഞു.
1998 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ക്രൊയേഷ്യ പ്രീ ക്വാര്ട്ടര് യോഗ്യത നേടുന്നത്. ഗോള്രഹിതമായ ആദ്യ പകുതിക്കൊടുവില് 53-ാം മിനുറ്റില് ഗോള്കീപ്പര് ബല്ലാരോയുടെ മണ്ടത്തരത്തിലാണ് ക്രൊയേഷ്യ ആദ്യം മുന്നിലെത്തിയത്. തിരിച്ചടിക്കാനുള്ള കുതിപ്പിനിടെ അര്ജന്റീന പ്രതിരോധം മറന്നപ്പോള് രണ്ടാം ഗോളും 80-ാം മിനുറ്റില് 25 വാര അകലെ നിന്നുള്ള മോഡ്രിച്ചിന്റെ മിന്നല്പ്പിണറില് മൂന്നാം ഗോളും നേടി ക്രൊയേഷ്യ 3-0ന് വിജയിക്കുകയായിരുന്നു.
