റെക്കോര്‍ഡെഴുതിയാണ് ഇതിഹാസം നൈജീരിയെ വരവേറ്റത്
സെയ്ന്റ് പീറ്റേഴ്സ്ബര്ഗ്: അവസാന ലോകകപ്പ് മത്സരമാകുമെന്ന ആശങ്കയിൽ നിന്ന് ലിയോണൽ മെസിയുടെ ഉയിർത്തെഴുന്നേൽപ്പായിരുന്നു നൈജീരിയക്കെതിരെ. റെക്കോഡിട്ട ഗോളിലൂടെ മത്സരം തന്റേതുകൂടിയാക്കി അർജന്റീനയുടെ നായകൻ. നായകനായും കളിക്കാരനായും അളവില്ലാത്ത സമ്മർദങ്ങളിൽ നിന്നാണ് മെസി മരണപ്പോരാട്ടത്തിനെത്തിയത്.
ഇടം കിട്ടിയപ്പോഴെല്ലാം അവസരങ്ങൾ തുറന്നെടുത്തു തുടക്കത്തിൽ. കാത്തിരുന്നതെന്തിനോ അത് പതിനാലാം മിനിറ്റിൽ വന്നു. റഷ്യൻ ലോകകപ്പിലെ നൂറാം ഗോളെന്ന റെക്കോര്ഡെഴുതിയാണ് ഇതിഹാസം വരവറിയിച്ചത്. മൂന്ന് ലോകകപ്പുകളിൽ ഗോൾ നേടുന്ന മൂന്നാമത്തെ അർജന്റീന താരമായി. മറഡോണയും ബാറ്റിസ്റ്റ്യൂട്ടയുമാണ് മറ്റ് രണ്ട് പേർ.
നൈജീരിയൻ അടവുകളിൽ അര്ജന്റീനയെ മെസി വീഴാതെ കാത്തു. തന്നിലേക്കൊതുങ്ങാതെ അർജന്റീനയെ ഒരു സംഘമാക്കി മാറ്റി. റോഹോയുടെ ഗോളായിരുന്നു അതിന്റെയെല്ലാം ഉത്തരം. ആദ്യ കടമ്പയിലെ ചങ്കിടിപ്പ് അവസാനിക്കുമ്പൊഴും മെസിക്ക് മേൽ പ്രതീക്ഷകളുടെ ഭാരം ഏറുകയാണ്. എന്നാല് നിശബ്ദനായിരിക്കില്ലെന്ന് എതിരാളികളോട് അയാൾ പറയുന്നുമുണ്ട്.
