ടിം കാഹിലിന് റെക്കോര്‍ഡ്
മോസ്കോ: റഷ്യന് ലോകകപ്പില് വിജയഗാഥ രചിക്കാതെയാണ് ഓസ്ട്രേലിയ മടങ്ങുന്നത്. ഗ്രൂപ്പ് സിയില് കളിച്ച മൂന്ന് മത്സരങ്ങളില് ഒരു സമനില മാത്രമാണ് ഓസ്ട്രേലിയക്ക് ആശ്വസിക്കാനുള്ളത്. എന്നാല് അവസാന മത്സരത്തില് പെറുവിനോട് തോറ്റപ്പോഴും തലയുയര്ത്തിയാണ് ഓസീസ് ഇതിഹാസത്തിന്റെ മടക്കം. ഓസ്ട്രേലിയക്കായി നാല് ലോകകപ്പുകളില് ബൂട്ടണിഞ്ഞ ആദ്യ താരമാകാന് 38കാരനായ ടിം കാഹിലിനായി.
ഇതിന് മുന്പ് 2006, 2010, 2014, ലോകകപ്പുകളിലാണ് കാഹില് കളിച്ചത്. എന്നാല് ഇക്കുറി മാത്രം കാഹിലിന് വലകുലുക്കാനായില്ല. ലോകകപ്പ് ചരിത്രത്തില് ഓസ്ട്രേലിയയുടെ ആദ്യ ഗോള് നേടിയ താരമാണ് കാഹില്. ലോകകപ്പില് ഓസ്ട്രേലിയക്കാരന്റെ കൂടുതല് ഗോള്(അഞ്ച്) എന്ന നേട്ടവും സ്വന്തം. ഓസ്ട്രേലിയക്കായി 107 മത്സരങ്ങളില് കളിച്ച കാഹില് ദേശീയ കുപ്പായത്തില് 50 ഗോളുകള് നേടി. ഇതും റെക്കോര്ഡ് തന്നെ.
