1998 ലോകകപ്പിന് ശേഷം ജേതാക്കളായ ടീമിലെ താരത്തിന് ഗേൾഡൻ ബോള പുരസ്കാരം കിട്ടിയിട്ടില്ല

മോസ്കോ: ലോകകിരീടം ആരു നേടും എന്നതു കഴിഞ്ഞാൽ പിന്നെ അറിയാനുള്ളത് മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ആർക്കാകും എന്നതാണ്. ലൂക്ക മോഡ്രിച്ച്, ഗ്രീസ്മാൻ, എംബാപ്പ തുടങ്ങിയവരൊക്കെ സാധ്യതപട്ടികയിലുണ്ട്. പുരസ്കാരത്തിന് തനിക്ക് അർഹതയുണ്ടെന്ന അവകാശവാദവുമായി ഹസാർഡും രംഗത്തെത്തിയിട്ടുണ്ട്.

ലോകകപ്പിനായി മാത്രമല്ല, മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരത്തിനായും പൊരിഞ്ഞ പോരാട്ടമാണ്. ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച്, ഫ്രാൻസിൻറെ അൻ്റോയിൻ ഗ്രീസ്മാൻ എന്നിവരാണ് ഗോൾഡൻ ബോൾ സ്വന്തമാക്കാനായി മുന്നിലുള്ളത്.

ഒത്തൊരുമ കൊണ്ട് ഫൈനല്‍ വരെയെത്തിയ ക്രോയേഷ്യയെ മുന്നില്‍ നിന്ന് നയിച്ചത് മോഡ്രിച്ചാണ് . രണ്ട് ഗോളും ഒരു അസിസ്റ്റും ക്രൊയേഷ്യന്‍ നായകന്റെ പേരിലുണ്ട്. അര്‍ജന്‍റീനക്കെതിരെയും നൈജീരിയക്കെതിരെയും മാന്‍ ഓഫ് ദ് മാച്ചും മോഡ്രിച്ചായിരുന്നു .

ഹാരി കെയ്ന്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഗോളില്‍ പങ്കാളിയായ ഗ്രീസ്മാനും മികച്ച സാധ്യതയാണ് കൽപിക്കുന്നത്. ആക്രമണത്തിലും മധ്യനിരയിലും പ്രതിരോധത്തിലും വരെ പങ്ക് വഹിക്കുന്നുണ്ട് ഗ്രീസ്മാൻ.

ഫ്രാൻസിൻ്റ തന്നെ എംബാപ്പെയും പരിഗണന പട്ടികയിലുണ്ടങ്കിലും 21 വയസിൽ താഴെയുളളവർക്ക് നൽകുന്ന മികച്ച യുവതാരത്തിനുള്ള പുരസ്കാരം കിട്ടാനാണ് കൂടുതൽ സാധ്യത. സെമിയില്‍ ഫ്രാന്‍സിനോട് തോറ്റ ബെല്‍ജിയത്തിന്‍റെ കെവിന്‍ ഡി ബ്രൂയനും ഏദന്‍ ഹസാര്‍ഡുമാണ് ഗോള്‍ഡന്‍ ബോളിനായുള്ള മല്‍സരത്തില്‍ പട്ടികയിലുള്ള മറ്റ് രണ്ട് പേർ.

ബെല്‍ജിയത്തിന്‍റെ ജയങ്ങളില്‍ ഇരുവരുടെയും സംഭാവനകള്‍ വലുതായിരുന്നു. ഇംഗ്ലണ്ടിൻ്റെ കീരൻ ട്രിപ്പിയരാണ് ഗോൾഡൻ ബോളിന് പരിഗണക്കപ്പടുന്ന മറ്റൊരാൾ. ഫിഫയുടെ സാങ്കേതിക സമിതിയാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. 1998 ലോകകപ്പിന് ശേഷം ജേതാക്കളായ ടീമിലെ താരത്തിന് ഗേൾഡൻ ബോള പുരസ്കാരം കിട്ടിയിട്ടില്ല