വിവാഹവസ്ത്രം എടുക്കാനെത്തിയ പ്രതിശ്രുത വധൂവരന്‍മാരും ബന്ധുക്കളും തമ്മിൽ വസ്ത്രശാലയ്ക്ക് മുന്നിൽ കൂട്ടത്തല്ല്.

തൊടുപുഴ: വിവാഹവസ്ത്രം എടുക്കാനെത്തിയ പ്രതിശ്രുത വധൂവരന്‍മാരും ബന്ധുക്കളും തമ്മിൽ വസ്ത്രശാലയ്ക്ക് മുന്നിൽ കൂട്ടത്തല്ല്. കാമുകൻ എന്ന് അവകാശപ്പെട്ട യുവാവ് വധുവിനെ ഇറക്കികൊണ്ടു പോകാൻ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണം. മൂന്ന് കൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു.

ഉടുന്പന്നൂർ സ്വദേശിയായ യുവതിയും പാലക്കുഴ സ്വദേശിയായ യുവാവും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഒടുവിൽ വീട്ടുകാർ ഇടപെട്ട് ഇരുവരുടേയും വിവാഹം ഉറപ്പിച്ചു. തുടർന്നാണ് വിവാഹ വസ്ത്രമെടുക്കാൻ ഇരുവരും ബന്ധുക്കൾക്കൊപ്പം തൊടുപുഴയിലെത്തിയത്. 

വസ്ത്രങ്ങൾ വാങ്ങുന്നതിനിടെ, ഈരാട്ടുപേട്ട സ്വദേശിയായ മറ്റൊരു യുവാവും സുഹൃത്തുക്കളും കടയിലെത്തി. യുവതിയുടെ കൈക്ക് പിടിച്ച് ബലമായി പിടിച്ചിറക്കാൻ ശ്രമിച്ചു. വരനും ബന്ധുക്കളും ഇത് തടയാൻ ശ്രമിച്ചതോടെ സംഭവം കൂട്ടത്തല്ലായി. വധുവിന്റെ അച്ഛനും സഹോദരനും മർദ്ദനമേറ്റു. 

ഒടുവില്‍ പ്രശ്നം പോലീസ് സ്റ്റേഷനിലെത്തി. തനിക്ക് ഈരാറ്റുപേട്ട സ്വദേശിക്കൊപ്പം പോകാനാണ് താൽപര്യമെന്ന് യുവതി അറിയിച്ചതോടെ കഥ മാറി. ഭാവി വരനുമായി പിണങ്ങിയ കാലത്ത് ഇയാളുമായി താന്‍ പ്രണയത്തിലാവുകയായിരുന്നുവെന്നും യുവതി പൊലീസിനോട് സമ്മതിച്ചു. എന്തായാലും പൊതുസ്ഥലത്ത് വച്ച് അടികൂടിയതിന് പൊലീസ് എല്ലാവർക്കുമെതിരെ കേസെടുത്തു. ആര് ആരെ കല്ല്യാണം കഴിക്കണമെന്ന് എല്ലാവരും കൂടി തീരുമാനിക്കട്ടെയെന്നാണ് പോലീസിന്‍റെ നിലപാട്.