ദാസ്യപ്പണിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ചർച്ച ചെയ്യാൻ യോ​ഗം വിളിക്കണമെന്ന് ടോമിൻ തച്ചങ്കരി ആവശ്യപ്പെട്ടു.

ദാസ്യപ്പണി മറയാക്കി ഐപിഎസ് അസോസിയേഷനിൽ ചേരിപ്പോര്. അസോസിയേഷൻ യോഗം വിളിക്കണമെന്ന ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാ​ഗത്തിന്റെ ആവശ്യം ഔദ്യോഗിക നേതൃത്വം തള്ളി. പത്ത് ദിവസത്തിനകം യോഗം വിളിച്ചില്ലെങ്കിൽ ബദൽ യോഗം വിളിക്കാനാണ് മറുവിഭാഗത്തിൻറെ തീരുമാനം.

മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് പിന്നാലെയാണ് ഐപിഎസ്സുകാർക്കിടയിൽ ത‍ർക്കമുണ്ടായത്. ദാസ്യപ്പണി ചർച്ച ചെയ്യാൻ ഐപിഎസ് അസോസിയേഷൻ യോഗം കൂടി ചേരണമെന്ന് ടോമിൻ തച്ചങ്കരി നിർദ്ദേശിച്ചു.മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ ഉടൻ യോഗം ചേരുന്നത് സർക്കാരിനെതിരാവുമെന്ന് ചൂണ്ടികാട്ടി ഒരു വിഭാഗം സ്ഥലം വിട്ടു. 

ദാസ്യപ്പണിയുടെ മറവിൽ ചർച്ച വിളിച്ച് തെരഞ്ഞെടുപ്പ് ആവശ്യപ്പെടാനാണ് തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനറെ നീക്കം. ഇതറഞ്ഞാണ് ഔദ്യോഗിക വിഭാഗം പിന്മാറിയത്. പത്തുദിവസത്തിനകം യോഗം ചേർന്നില്ലെങ്കിൽ ബദലായി യോഗം വിളിക്കുമെന്ന ചൂണ്ടികാട്ടി അസോസിയേഷൻ സെക്രട്ടറിയായ തിരുവനന്തപുരം കമ്മീഷണർ പി.പ്രകാശിന് കത്ത് നൽകാനാണ് നീക്കം. അസോസിയേഷൻ രജിസ്റ്റർ ചെയ്യണമെന്നും തെരഞ്ഞെടുപ്പ് വേണമെന്നും ഈ വിഭാഗം ഐപിഎസ് വാട്ആപ്പ് ഗ്രൂപ്പിൽ ആവശ്യപ്പെട്ടു.