തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക നില പരിതാപകരമായ അവസ്ഥയില്‍ തന്നെയെന്ന് ധനമന്ത്രി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ മൂന്ന് വര്‍ഷമെടുക്കും. പ്രതിസന്ധി ഒഴിവാക്കാന്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് അഥാവാ കിഫ്ബി വഴി നിക്ഷേപത്തിന് ശ്രമിക്കുകയാണെന്നും തോമസ് ഐസക് കൊച്ചിയില്‍ പറഞ്ഞു.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറിയിട്ടില്ല. ബജറ്റില്‍ വ്യക്തമാക്കിയ സാമ്പത്തിക പ്രതിസന്ധി അതുപോലെ നിലനില്‍ക്കുന്നു. 14,000 കോടി രൂപയാണ് ഈവര്‍ഷത്തെ കമ്മി. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ മൂന്ന് വര്‍ഷമെങ്കിലുമെടുക്കും. ഇക്കാലയളവിലുണ്ടാകുന്ന സാമ്പത്തിക മുരടിപ്പ് ഒഴിവാക്കാന്‍ കിഫ്ബിയെയാണ് ആശ്രയിക്കുന്നത്.

കിഫ്ബിയെന്ന ധനകാര്യസ്ഥാപനത്തിലൂടെ വികസനത്തിന് ആവശ്യമായ പണം കണ്ടെത്താമെന്നാണ് തോമസ് ഐസകിന്റെ പ്രതീക്ഷ. ബജറ്റില്‍ അവതരിപ്പിച്ച ഈ പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിലാണ് നബാര്‍ഡിന്റെ നിക്ഷേപത്തെ കണക്കാക്കുന്നത്. കിഫ്ബിയിലൂടെ 20,000 കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.