മുംബൈ: മഹാനഗരത്തിൽ രക്​തം തേടി രോഗികളുടെ ബന്ധുക്കളുടെ നെ​ട്ടോട്ടത്തിന്​ ഒാൺലൈൻ പരിഹാരം. e-Rakt Kosh എന്ന ഒാൺലൈൻ പോർട്ടൽ രക്​തബാങ്കിനും രക്​തത്തിനും വേണ്ടിയുള്ള അന്വേഷണത്തെ എളുപ്പമാക്കുകയാണ്​. 63 രക്​തബാങ്കുകളാണ്​ സമീപകാലത്തായി മുംബൈയിൽ നിന്ന്​ നാഷനൽ പോർട്ടലി​ൻ്റെ ഭാഗമായത്​.

രക്​തത്തി​ൻ്റെ ലഭ്യതയും രക്​തദാന ക്യാമ്പുകളെ കുറിച്ചുള്ള വിവരങ്ങളും പോർട്ടൽ വഴി ലഭ്യമാകും. ഇൗ ലക്ഷ്യത്തോടെ ഒരു ആപും തയാറാക്കിയതായാണ്​ ആരോഗ്യവകുപ്പ്​ അധികൃതർ പറയുന്നത്​. രക്​തത്തിൻ്റെ ലഭ്യതയും ദാന ക്യാമ്പുകളുടെ വിവരം ഇടവിട്ട സമയങ്ങളിൽ പോർട്ടൽ വഴിയും ആപ്​ വഴിയും ലഭ്യമാക്കും. ഡിമാൻ്റ്​ അനുസരിച്ച്​ രക്​തത്തി​ൻ്റെ സ്​റ്റോക്കും സൂക്ഷിക്കാനും ഇൗ സംരംഭത്തിന്​ സാധിക്കുന്നുവെന്ന്​ രക്​തബാങ്കിലെ ട്രാൻസ്​ഫ്യൂഷൻ ഒാഫീസർ പറയുന്നു. രക്​തദാതാക്കൾക്ക്​ അവരുടെ പേര്​ വിവരങ്ങൾ പോർട്ടിൽ​ ചേർക്കാൻ അവസരമുണ്ട്​.

രക്​തദാന ക്യാമ്പുകളുടെ ഷെഡ്യൂൾ, തൊട്ടടുത്ത രക്​തബാങ്ക്​ എന്നിവയും ഇതിൽ ലഭിക്കും. ദാതാവിന്​ ആധാർ വഴി ബന്ധിപ്പിച്ച്​ സർട്ടിഫൈഡ്​ ദാതാക്കളുടെ പട്ടികയിൽ ഇടംപിടിക്കാനും കഴിയും. ആരോഗ്യ ​പ്രശ്​നങ്ങളുള്ള ദാതാക്കളെ രജിസ്​റ്റർ ചെയ്യുന്നതിൽ നിന്ന്​ സ്​ഥിരമായി വിലക്കാനും പോർട്ടൽ ലക്ഷ്യംവെക്കുന്നു. അപൂർവ രക്​ത ഗ്രൂപ്പിലുള്ളവരുടെ രജിസ്​റ്ററും പോർട്ടൽ വഴി സൂക്ഷിക്കും. രാജ്യത്താകമാനം 623 രക്​തബാങ്കുകൾ തുടങ്ങാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്​.