പറമ്പിക്കുളം വന്യജീവി സങ്കേതത്തിലെ കാട്ടുതീ നിയന്ത്രണവിധേയമായതായി വനംവകുപ്പ്. നാവികസേനയുടെ സഹായത്തോടെയാണ് കാട്ടുതീ അണച്ചത്. അമ്പത് ഹെക്ടര്‍ വനം നശിച്ചതായാണ് പ്രാഥമിക കണക്ക്.
വന്യജീവി സങ്കേതവും കടുവാസങ്കേതവുമായ പറമ്പിക്കുളം മേഖലയില്‍ കാട്ടുതീ നിയന്ത്രണാതീതമായിട്ട് ദിവസങ്ങളായി. വനംവകുപ്പ് ഉദ്യോഗസ്ഥരും ആദിവാസികള്‍ അടങ്ങുന്ന നാട്ടുകാരും പരിശ്രമിച്ചിട്ടും തീ പടരുന്നത് തടയാനായില്ല. അമ്പത് ഹെക്ടറോളം വരുന്ന മലനിരകള്‍ തീ വിഴുങ്ങിയതോടെയാണ് വനം വകുപ്പും ജില്ലാ ഭരണകൂടവും തീയണക്കാന്‍ നാവിക സേനയുടെ സഹായം തേടിയത്. തുടര്‍ന്ന് കോയമ്പത്തൂരിലെ ചൂലൂരില്‍ നിന്നു ഹെലികോപ്ടര്‍ എത്തി. തൂണക്കടവ് ഡാമില്‍ നിന്ന് ജലം ശേഖരിച്ച് കത്തുന്ന മലനിരകളിലേക്ക് വെള്ളം തളിച്ചു. പത്ത് തവണ ഇത് തുടര്‍ന്നതോടെ തീ അല്‍പം ശമിച്ചു. ഇന്ന് രാവിലെ വീണ്ടും തീയണക്കാന്‍ ഹെലികോപ്ടര്‍ എത്തുമെന്നായിരുന്നു അറിയിച്ചതെങ്കിലും രാവിലെ ആകാശം മേഘാവൃതമായിരുന്നതിനാല്‍ ഹെലികോപ്ടര്‍ പറമ്പിക്കുളത്തേക്ക് എത്തിച്ചേരാനായില്ല. പിന്നീട് തീ നിയന്ത്രണവിധേയമായതിനാല്‍ ഹെലികോപ്ടര്‍ വരേണ്ടതില്ലെന്ന് പറമ്പിക്കുളം ഡിഎഫ്ഒ നാവികസേനയെ അറിയിച്ചു. കാട്ടുതീ ഇനിയും പടര്‍ന്നാല്‍ മാത്രം നാവിക സേനയുടെ സഹായം തേടാനാണ് തീരുമാനം.
