കൊല്ലം: കൊട്ടാരക്കര പത്തനാപുരത്ത് ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയുടെ വീട് കത്തി നശിച്ചു. അടുപ്പില്‍ നിന്ന് തീപടര്‍ന്നാണ് അപകടമുണ്ടായത്. പത്തനാപുരം തലവൂര്‍ സ്വദേശി സരസ്വതിയമ്മയുടെ വീടാണ് കത്തിനശിച്ചത്. 80കാരിയായി സരസ്വതി അമ്മ ഒറ്റക്കാണ് താമസം.
വീട്ടിലെ അടുപ്പില്‍ നിന്നുള്ള തീ റബര്‍ ഷീറ്റിന് പിടിച്ച് ആളക്കത്തുകയായിരുന്നു. സംഭവസമയത്ത് സരസ്വതി അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. 25000 രൂപയും സ്വര്‍ണാഭരണങ്ങളും കത്തിയതായി ഇവര്‍ പറയുന്നു. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയവയും കത്തിപ്പോയി. വസ്തുക്കളുടെ രേഖകളും നശിച്ചു.
തൊട്ടടുത്ത തോട്ടത്തില‍് റബര്‍ പാല്‍ എടുത്ത്കൊണ്ടിരിക്കുന്പോഴാണ് തീ പടരുന്നത് കാണുന്നതെന്ന് സരസ്വതി അമ്മ പറയുന്നു. ഇവരുടെ നിലവിളി കേട്ട അയല്‍ക്കാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി തീ അണചചു. റവന്യൂ അധികൃതരും സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.
