തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് അഗ്നിബാധ. ഒരു ഹോട്ടല്‍ പൂര്‍ണമായും രണ്ട് കടകള്‍ ഭാഗീകമായും കത്തിയമര്‍ന്നു. ഹോട്ടലില്‍ നിന്നും ഗ്യാസ് സിലണ്ടറുകള്‍ നീക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

ഇടപ്പള്ളി- കലൂര്‍ റോഡില്‍ നിന്നും പാലാരിവട്ടത്തേക്ക് കയറുന്ന പ്രധാന പാതയോരത്തെ ന്യൂ ആര്യാ എന്ന ഹോട്ടലില്‍ നിന്നാണ് തീ പടര്‍ന്നത്. തീയും പുകയും ഉയരുന്നത് കണ്ട ജീവനക്കാര്‍ പുറത്തേക്ക് ഇറങ്ങിയോടി. വിവരമറിഞ്ഞ് പൊലീസും ഫയര് ഫോഴ്സും എത്തിയപ്പോഴേക്കും തൊട്ടടുത്ത രണ്ട് കടകളിലേക്കും തീ പടന്നു.

മുന്‍വശത്തെ കണ്ണാടിച്ചില്ല് തകര്‍ത്ത് തീ പടരുന്നത് നിയന്ത്രിച്ചു. പുക ശമിച്ചശേഷം ഫയല്‍ ഫോഴ്സ് സംഘം ഹോട്ടലിനുള്ളില്‍ കടന്നു. ഗ്യാസ് സിലിണ്ടറുകള്‍ പുറത്തെത്തിച്ചു. വെള്ളമൊഴിച്ച് നിര്‍വീര്യമാക്കിയതിനാല്‍ പൊട്ടിത്തെറി ഒഴിവായി. ഏഴ് ഗ്യാസ് സിലിണ്ടറുകളാണ് ഹോട്ടലില്‍ ഉണ്ടായിരുന്നത്. ഒരുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. തിരക്കേറിയ കലൂര്‍ - ഇടപ്പള്ളി പാതയിലെ ഗതാഗതം ഈ സമയം തടസ്സപ്പെട്ടു