ആലപ്പുഴ: മാരാരിക്കുളം വടക്ക് തീരദേശത്ത് രാവിലെയുണ്ടായ ചുഴലിക്കാറ്റിന് പിന്നാലെ വൈകിട്ട് സിവില്‍ സ്‌റ്റേഷനില്‍ തീപിടിത്തവും. ഞെട്ടിത്തരിച്ച് വിദേശികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരും. ആര്‍ക്കും അപായങ്ങളില്ലാതെ സുരക്ഷാ ജീവനക്കാര്‍ ജനങ്ങളുടെ സംരക്ഷകരായി. ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തില്‍ ദുരന്ത ലഘൂകരണ മോക്ഡ്രില്ലിന്റെ ഭാഗമായിട്ടിരുന്നു 'ചുഴലിക്കാറ്റും തീപിടിത്തവും'. പരിശീലനം എല്ലാ അര്‍ത്ഥത്തിലും വിജയവും ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ആത്മവിശ്വാസം പകര്‍ന്നു.
മാരാരിക്കുളത്തെ ചുഴലിക്കാറ്റ് പ്രശ്‌നം മുന്‍കൂട്ടി ജനങ്ങളെ അറിയിച്ചിരുന്നതാണെങ്കിലും കലക്ടറേറ്റിലെ സ്‌ഫോടനം മറ്റാരും അറിഞ്ഞിരുന്നില്ല. രാവിലെ ഏഴ് മണിയോടെയാണ് പടിഞ്ഞാറ് രൂപമെടുത്ത ശക്തമായ കാറ്റ് ജില്ലയുടെ തീരം ലക്ഷ്യമാക്കി നീങ്ങുന്നതായി ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചത്. കാറ്റ് വടക്കോട്ട് നീങ്ങുന്നതായും 75 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ് ചുഴലിക്കാറ്റാണെന്നും താമസിയാതെ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി (ഡിഡിഎംഎ) സ്ഥിരീകരിച്ചു. രാവിലെ 9.35 ന് അടിയന്തരമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലും ജില്ലാ കലക്ടര്‍ ടി.വി. അനുപമയും അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം കൂടി. വകുപ്പുകള്‍ക്ക് ദുരന്തനിവാരണ നടപടിക്ക് നിര്‍ദേശം നല്‍കി.
10.10 നുള്ളില്‍ ഫയര്‍ റസ്‌ക്യൂ, ഇന്തോ-ടിബറ്റന്‍ പൊലീസ്, പൊലീസ്, വിവിധ വകുപ്പുകള്‍ എന്നിവര്‍ സ്ഥലത്തെത്തി. ആലപ്പുഴ - ചെല്ലാനം തീരദേശപാതയില്‍ മാരാരിക്കുളം ഭാഗത്ത് ഗതാഗതം ക്രമീകരിച്ചു. ചേര്‍ത്തല ഡിവൈഎസ്പി എ.ജി. ലാലിന്റെ നേതൃത്വത്തില്‍ മാരാരിക്കുളം തീരത്ത് സുരക്ഷ സന്നാഹങ്ങള്‍ ഒരുക്കി. ഇതിനിടെ ജില്ലാ ഭരണകൂടം തീരപ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കലക്ടറേറ്റിലും ചേര്‍ത്തല താലൂക്ക് ഓഫീസിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും കണ്‍ട്രോള്‍ റൂം തുറന്നു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും മാരാരിക്കുളത്ത് പ്രത്യേക മീഡിയ സെന്റര്‍ തുറന്ന് മാധ്യമങ്ങള്‍ക്ക് നവമാധ്യമങ്ങളിലൂടെ വിവരങ്ങള്‍ അപ്പപ്പോള്‍ നല്‍കി.
മാരാരിക്കുളത്തെ തീരത്ത് നിന്ന് പ്രദേശവാസികളും വിനോദ സഞ്ചാരികളായെത്തിയ വിദേശികളേയും ഉള്‍പ്പെടെ 728 പേരെ ഒഴിപ്പിച്ചു. ഇവരെ നാലിടത്തായി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സുരക്ഷിതമായി മാറ്റി. മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ്. സ്‌കൂളിലെ ക്യാമ്പില്‍ 208, ജനക്ഷേമം പള്ളിയില്‍ 231, ചേന്നവേലി പള്ളി പാരിഷ് ഹാളില്‍ 109 പേര്‍, ചെത്തി സെന്റ് ജോസഫ്‌സ് പള്ളി പാരിഷ് ഹാളില്‍ 80 പേരുമുണ്ടായിരുന്നു. സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ് സ്‌കൂളിലെ ക്യാമ്പില്‍ എത്തിച്ചവരില്‍ 22 പേര്‍ വിദേശികളായിരുന്നു. വിവിധ വകുപ്പുകളുടെ വാഹനങ്ങളിലും പൊലീസ് ഐടിബിപി എന്നിവയുടെ ബസിലുമായാണ് ആളുകളെ ഒഴിപ്പിച്ചത്. കെഎസ്ആര്‍ടിസി ബസിന്റെ സേവനവും ഉറപ്പുവരുത്തി. ക്യാമ്പിലെത്തിയവര്‍ക്ക് തഹസില്‍ദാര്‍ മുഹമ്മദ് ഷെരീഫിന്റെ നേതൃത്വത്തില്‍ ലഘുഭക്ഷണവും വെള്ളവും ഒരുക്കി. ഒരു മണിക്കൂറിനുള്ളില്‍ മുഴുവന്‍ പേരെയും ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലാക്കി.
മൂന്നു സിഐമാരും 23 എസ്‌ഐമാരും അടക്കം 113 പൊലീസുകാരും ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് കുമാറിന്റെയും എഎസ്‌ഐ രാജീവിന്റെയും നേതൃത്വത്തില്‍ 25 ഐടിബിപിക്കാരും സ്‌റ്റേഷന്‍ ഓഫീസര്‍ എസ്. സതീശന്റെ നേതൃത്വത്തില്‍ 21 ഫയര്‍ റസ്‌ക്യൂ ജീവനക്കാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ആരോഗ്യവകുപ്പിന്റെ മാരാരിക്കുളം വടക്ക്, മുഹമ്മ സിഎച്ച്‌സി, ചേര്‍ത്തല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍നിന്നുള്ള നാലു മെഡിക്കല്‍ സംഘങ്ങള്‍ നാലിടങ്ങളിലായി പ്രവര്‍ത്തിച്ചു. ദേഹാസ്വാസ്ഥ്യം തോന്നിയ മൂന്നുപേരെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചയുടന്‍ കെഎസ്ഇബി എസ്എല്‍പുരം സെക്ഷനിലെ സബ് എന്‍ജിനീയര്‍ കെ.എസ് ചന്ദ്രദത്തന്റെ നേതൃത്വത്തില്‍ തീരപ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അഞ്ച് ജീവനക്കാര്‍ സ്ഥലത്തുണ്ടായിരുന്നു. സ്‌പെയേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിലുള്ള 14 അംഗ ഹാം റേഡിയോ സംഘം വകുപ്പുകള്‍ക്ക് വിവരങ്ങള്‍ കൈമാറി സഹായിച്ചു. എംവിഐ കെ.ജി. ബൈജുവിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ രണ്ട് സ്‌ക്വാഡും രംഗത്തുണ്ടായിരുന്നു. ഫാ. സേവ്യര്‍ കുടിയാംശേരില്‍ അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. പ്രിയേഷ് കുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. രമണന്‍, ഇ.വി. രാജു, സുനിത ചാര്‍ലി, മിനി ആന്റണി, സുനിത ജയന്‍ എന്നിവര്‍ ആളുകളെ ഒഴിപ്പിക്കാനും രക്ഷാകേന്ദ്രങ്ങളില്‍ സൗകര്യങ്ങളൊരുക്കാനും സഹായിച്ചു. 1.20 ഓടെയാണ് മോക്ഡ്രില്‍ അവസാനിച്ചത്.
