ശക്തമായ സ്ഫോടനത്തോടെ പ്ലാസ്റ്റിക്കും അസംസ്കൃത വസ്തുക്കളും സൂക്ഷിച്ചിരുന്ന ഫാക്ടറിക്ക് തീ പിടിക്കുകയായിരുന്നു.
ദില്ലി: തെക്കന്‍ ദില്ലിയിലെ മാല്‍വിയ നഗറില്‍ വന്‍ അഗ്നി ബാധ. ശക്തമായ സ്ഫോടനത്തോടെ പ്ലാസ്റ്റിക്കും അസംസ്കൃത വസ്തുക്കളും സൂക്ഷിച്ചിരുന്ന ഫാക്ടറിക്ക് തീ പിടിക്കുകയായിരുന്നു. ഈ വര്‍ഷം തന്നെ നിരവധി അഗ്നിബാധകളാണ് ദില്ലി നഗരത്തിന് ചുറ്റും ഉണ്ടായിരിക്കുന്നത്.
സ്ഫോടനത്തോടെയുണ്ടായ തീ സമീപത്തെ സ്കൂളിലേക്കും ജിമ്മിലേക്കും പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രാത്രി ഏറെ വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുന്നു. പ്ലാസ്റ്റിക്കിന് തീ പിടിച്ചതിനാല്‍ വന്‍ ചൂടാണ് അനുഭവപ്പെടുന്നത്. അതിനാല്‍ തീ അണയ്ക്കാന്‍ പ്രയാസം നേരിടുന്നതായി അഗ്നിശമനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വൈകീട്ട് ഏതാണ്ട് നാലേകാലോടെയാണ് തീ പിടിത്തം റിപ്പോര്‍ട്ട് ചെയ്തത്. പ്ലാസ്റ്റിക്ക് കൊണ്ടുപോകാനായെത്തിയ ട്രക്കില്‍ നിന്ന് തീ ഗോഡൗണിലേക്ക് പടരുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗോഡൗണിന് സമീപത്തെ നിരാന്‍കാരി പബ്ലിക്ക് സ്കൂളിന്‍റെ ഒരു ഭാഗം അഗ്നി ബാധയാല്‍ തകര്‍ന്നതായി അഗ്നിശമനാ വിഭാഗം മേധാവി ജി.സി.മിശ്ര പറഞ്ഞു.
