ചെന്നൈ ടി നഗറിലെ പനഗല്‍ പാര്‍ക്കിലുള്ള വസ്‌ത്രവ്യാപാരസ്ഥാപനമായ ചെന്നൈ സില്‍ക്‌സില്‍ വന്‍ അഗ്നിബാധ. പതിനേഴ് മണിക്കൂര്‍ പിന്നിട്ടിട്ടും അഗ്നിശമനസേനയ്‌ക്ക് കെട്ടിടത്തിലെ തീയണയ്‌ക്കാനായിട്ടില്ല. തീ പടര്‍ന്ന് തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചതിനാല്‍ കെട്ടിടം തകര്‍ന്നു വീണേയ്‌ക്കാമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പ്രദേശവാസികളെ സ്ഥലത്തു നിന്ന് ഒഴിപ്പിച്ചു.
പുലര്‍ച്ചെ നാലരയോടെയാണ് ടി നഗറിലെ ചെന്നൈ സില്‍ക്‌സിന്‍റെ വസ്‌ത്രവ്യാപാരസ്ഥാപനത്തില്‍ തീ പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേന കെട്ടിടത്തിലുണ്ടായിരുന്ന പത്ത് പേരെയും പുറത്തെത്തിച്ചു. എന്നാല്‍ അപ്പോഴേയ്‌ക്ക് മുകളിലെ നിലകളിലേയ്‌ക്ക് തീ പടര്‍ന്നിരുന്നു. രണ്ട് മണിക്കൂറിനകം 15 ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും നൂറ്റിയമ്പതോളം ഉദ്യോഗസ്ഥരെയും നിയോഗിയ്‌ക്കുകയും തീയണയ്‌ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. കേന്ദ്രീകൃത എസി സംവിധാനമുണ്ടായിരുന്ന കെട്ടിടത്തിന് പലയിടത്തും ജനാലകളുണ്ടായിരുന്നില്ലെന്നത് തീയണയ്‌ക്കുന്നതിന് തടസ്സമായി. പ്രദേശം മുഴുവന്‍ കറുത്ത പുക പടര്‍ന്നതിനാല്‍ അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ക്ക് രണ്ട് മണിയോടെയാണ് ഏറ്റവും താഴത്തെ നിലയിലെ തീയണയ്‌ക്കാനായത്. സ്ഥലത്തു നിന്ന് ആളുകളെയെല്ലാം നിലവില്‍ ഒഴിപ്പിച്ചിട്ടുണ്ട്. സ്ഥാപനം സ്ഥിതി ചെയ്യുന്ന ഉസ്മാന്‍ റോഡിലെ എല്ലാ കടകളും അടച്ചിട്ടു. ഗതാഗതവും വഴിതിരിച്ചു വിട്ടു.
