അനുമതിയില്ലാതെ നടത്തിയ കമ്പക്കെട്ടാണ് രാജ്യത്തെ നടുക്കിയ വന്‍ ദുരന്തത്തില്‍ കലാശിച്ചത്.കമ്പത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള കൊല്ലം ജില്ലാ കളക്ടറുടെ ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അന്വേഷണത്തില്‍ മത്സരക്കമ്പമാണ് നടത്താന്‍ പോകുന്നതെന്ന കണ്ടത്തലിനെത്തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.

പരവൂര്‍ പുറ്റിംഗല്‍ ദേവസ്വം ബോര്‍ഡ് മാനേജിംഗ് സെക്രട്ടറി ജെ കൃഷ്ണന്‍കുട്ടിയാണ് വെടിക്കെട്ടിനുള്ള അപേക്ഷ കൊല്ലം ജില്ലാ ഭരണകൂടത്തിന് നല്‍കുന്നത്.നാട്ടുകാരും ക്ഷത്രത്തിന് സമീപം താമസിക്കുന്നവരും നല്‍കിയ പരാതിയെത്തുര്‍ന്ന് കളക്ടര്‍ തഹസില്‍ദാരുടെയും പരവൂര് പൊലീസിന്‍റെയും റിപ്പോര്‍ട്ട് തേടി. വെടിക്കെട്ടല്ല പകരം മത്സരക്കമ്പമാണ് പരവൂരില്‍ നടത്താന്‍ പോകുന്നതെന്ന റിപ്പോര്‍ട്ടാണ് പൊലീസും തഹസില്‍ദാരും നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടര്‍ അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ലംഘിച്ചാല്‍ 2008 ലെ സ്ഫോടക നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഇന്നലെയാണ് ഈ ഉത്തരവ് കളക്ടര്‍ പുറത്തിറക്കിയത്. തുടര്‍ന്ന് കമ്പക്കെട്ട് നടത്താനുള്ള ഉത്തരവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ ജില്ലാ ഭരണകൂടത്തിന് മേലുണ്ടായി.

പക്ഷേ ജില്ലാ ഭരണകൂടം തീരുമാനത്തില്‍ ഉറച്ച് നിന്നു. നിയമസംവിധാനത്തിന്‍റെ നഗ്നമായ ലംഘനമാണ് പരവൂരില്‍ നടന്നത്.കളക്ടറുടെ ഈ ഉത്തരവ് ഒന്ന് പരിഗണിച്ചുരുന്നെങ്കില്‍ വന്‍ദുരന്തം ഒഴിവായേനെ. നിയമനടപടികളുമായി മുന്നോട്ട് പോകന്‍ ജില്ലാഭരണകൂടം തീരുമാനിച്ചു കഴിഞ്ഞു.