സൗദിയില്‍ വിദേശ റിക്രൂട്ട്മെന്റിന് നിയന്ത്രണം വരുന്നു. വിസ കച്ചവടം തടയുന്നതിനും സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് തൊഴില്‍ മന്ത്രാലയം ലക്ഷ്യമിടുന്നത്. സൗദി അറേബ്യയിലേക്ക് വിദേശങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്റ് കുറയ്‌ക്കുന്നതിനും വിസ കച്ചവടം തടയുന്നതിനും സൗദി പൗരന്മാര്‍ക്കും രാജ്യത്തിനകത്തുള്ള വിദേശികള്‍ക്കും തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുമുളള ബ്യഹദ് പദ്ധതി നടപ്പാക്കാനാണ് തൊഴില്‍ മന്ത്രാലയം ഒരുങ്ങുന്നത്.
റിക്രൂട്ട്മെന്റിനുള്ള അപേക്ഷ, തൊഴില്‍ കരാര്‍ അവസാനിപ്പിക്കല്‍, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സംബന്ധിച്ചുളള അപേക്ഷ, സൗദി ഉദ്ദ്യോഗാര്‍ത്ഥികളുമായി ബന്ധപ്പെട്ട പൂര്‍ണ്ണ വിവരങ്ങള്‍ എന്നിവ എംപ്ലോയ്മെന്റ് പോര്‍ട്ടലില്‍ പരസ്യപ്പെടുത്തുന്ന പദ്ധതിയാണ് തൊഴില്‍ മന്ത്രാലയം നടപ്പിലാക്കുന്നത്.
സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ കുറയ്‌ക്കുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വ്യാജ സൌദി വത്കരണവും വിസ കച്ചവടവും തടയുന്നതുമാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമാക്കുന്നത്. കൂടാതെ തൊഴില്‍ കേസുകള്‍ കുറയ്‌ക്കുന്നതിനും പുതിയ പദ്ധതി സഹായകമാവും. തൊഴിലാളികളുടെ വേതനം, മറ്റ് ആനുകൂല്യങ്ങള്‍, തൊഴില്‍ സുരക്ഷ, എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പ്രയോജനപ്പെടും. നിലവില്‍ സൌദിയില്‍ ആറര ലക്ഷത്തിലധികം തൊഴില്‍ രഹിതരുണ്ടെന്നാണ് കണക്ക്.
