തൃശൂർ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തിൽ സാമ്പിൾ വെടിക്കെട്ടിനിടെ അമിട്ട് താഴെ വീണ് പൊട്ടി അപകടമുണ്ടായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം

തൃശൂർ: പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തിൽ. രാത്രി വെടിക്കെട്ടിന് തിരുവമ്പാടി - പാറേമേക്കാവ് ദേവസ്വങ്ങൾക്ക് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നൽകിയില്ല. ഇതിനിടെ സാമ്പിൾ വെടിക്കെട്ടിനിടെ അമിട്ട് പൊട്ടി 6 പേർക്ക് പരിക്കേറ്റതിൽ പാറേമേക്കാവ് ദേവസ്വത്തിൽ നിന്ന് ജില്ലാ കളക്ടർ വിശദീകരണം തേടി.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്തത്തിൽ നടക്കുന്ന പെട്രോളിയം ആൻഡ് സേഫ്റ്റി ഓർഗനൈസേഷന്റെ യോഗത്തിൽ വെടിക്കെട്ട് നടത്തുന്നതിനെ കുറിച്ച് അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന സാമ്പിൾ വെടിക്കെട്ടിനിടെ അമിട്ട് താഴെ വീണ് പൊട്ടി അപകടമുണ്ടായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെടിക്കെട്ട് സാമഗ്രഹികളിൽ അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ഷെല്ലുകൾ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ പാറേമേക്കാവ് ദേവസ്വം വൈകീട്ട് 5 മണിക്ക് ജില്ലാ കളക്ടർക്ക് വിശദീകരണം നൽകണം.

വെടിക്കെട്ട് സാമഗ്ര ഹികളിൽ കേന്ദ്ര എക്സ്പ്ലോസീവ് സംഘവും പരിശോധന നടത്തുന്നുണ്ട്. ഇതിനൊപ്പം വിവിധ വകുപ്പുകളുടെ റിപ്പോർട്ടും വിലയിരുത്തിയ ശേഷമേ വെടിക്കെട്ടിന് കളക്ടർ അന്തിമ അനുമതി നൽകുകയുള്ളു.