ദില്ലി: സൗദിയിലെ തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായവരില്‍ ആദ്യ സംഘം ദില്ലിയിലെത്തി.മലയാളികളാരും ആദ്യ സംഘത്തിലില്ല.മറ്റ് സ്ഥാപനങ്ങളില്‍ ജോലി നല്‍കാമെന്ന വാഗ്ദാനങ്ങള്‍ ഉണ്ടെങ്കിലും മിക്ക കമ്പനികളും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 26 പേരാണ് ജിദ്ദയില്‍ നിന്നും സൗദിഎയര്‍ലൈന്‍സ് വിമാനത്തില്‍ ദില്ലിയിലെത്തിയത്.ശമ്പളവും തൊഴിലും ഇല്ലാതെ സൗദിയില്‍ ദുരിതം നേരിട്ട തങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആശ്വാസമായെന്നും ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാന്‍ വേണ്ട സഹായം ചെയ്യാമെന്ന സര്‍ക്കാരിന്റെ ഉറപ്പില്‍ വിശ്വാസമുണ്ടെന്നും  തിരികെ എത്തിയവര്‍ പറഞ്ഞു

സൗദി ഓജര്‍ കമ്പനിയില്‍ തൊഴിലെടുത്ത മലയാളികള്‍ പുതിയ ജോലികളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് സൗദിയില്‍ തുടരുന്നത്.എന്നാല്‍ നിലവിലെ പ്രതിസന്ധി ഓജറിനെ മാത്രമല്ല ബാധിച്ചതെന്നും മറ്റ് കമ്പനികളും പ്രതിസന്ധികളിലേക്ക് നീങ്ങുകയാണെന്നും ഇതില്‍ ആശങ്കയുള്ളത് കൊണ്ടാണ് തിരികെ നാട്ടിലെത്തിയതെന്നും യുപി സ്വദേശിയായ മുഹമ്മദ് തന്‍വീര്‍ പറഞ്ഞു

സൗദിയില്‍ നിന്നും ഇവരെ യാത്രയാക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളും,സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ പ്രതിനിധികളും എത്തിയിരുന്നു.ഇവരുടെ വിമാന ടിക്കറ്റിന്റെ ചിലവ് വഹിച്ചത് സൗദി ഗവണ്‍മെന്റാണ്.